മദനിയെ വിചാരണ കൂടാതെ തടവിലാക്കിയതിനെയും കിട്ടിയ വേദികളിൽ മാമുക്കോയ വിമർശിച്ചിട്ടുണ്ട്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് പറഞ്ഞുവച്ചിട്ടുമുണ്ട്.

കോഴിക്കോട് : രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു മാമുക്കോയ. വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ളപ്പോഴും വിമർശനങ്ങൾക്ക് അദ്ദേഹം പഞ്ഞം കാണിച്ചിരുന്നില്ല. പൊതുവാൾജിയുടെ രാഷ്ട്രീയം തമാശ കലർന്നതാണ്. പക്ഷേ മാമുക്കോയുടെ രാഷ്ട്രീയം അങ്ങനെയായിരുന്നില്ല. കഴിവില്ലാത്തവൻ തന്നെ ഭരിക്കേണ്ടെന്ന നിലപാട് തുറന്നു പറഞ്ഞിട്ടുണ്ട് പലവട്ടം. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ - നേതാക്കൾ കൊല്ലപ്പെടാത്തത് കൊണ്ടാണ് കേരളത്തിൽ അക്രമരാഷ്ട്രീയം അവസാനിക്കാത്തതെന്ന് പറയാനും മാമുക്കോയ മടിച്ചില്ല. 

മദനിയെ വിചാരണ കൂടാതെ തടവിലാക്കിയതിനെയും കിട്ടിയ വേദികളിൽ മാമുക്കോയ വിമർശിച്ചിട്ടുണ്ട്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് പറഞ്ഞുവച്ചിട്ടുമുണ്ട്. മതമോ വിശ്വാസമോ സൗഹൃദമോ രണ്ട് വർത്തമാനം പറയാൻ മാമുകോയയ്ക്ക് ഒരുകാലത്തും തടസമായിരുന്നില്ല. ലൗ ജിഹാദ് വിവാദം കത്തിക്കയറിയപ്പോൾ മാമുക്കോയ പറഞ്ഞതിങ്ങനെ - 'ലവ് എന്നാൽ പിരിശമാണ്. പിരിശം എന്നാൽ ചിലപ്പോൾ കെണിയിൽപെട്ടതുപോലെയാണ്. അതാരായാലും അത് ശ്രദ്ധിക്കണം. അല്ലാതെ ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞ് സൗഹാർദ സമൂഹത്തിൽ മണ്ണ് വാരിയിടാൻ വരരുത്'.

Read More : ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

വൃദ്ധസദനങ്ങളോട് വലിയ താല്പര്യം ഇല്ലെങ്കിലും വേണ്ട പരിഗണന സ്വന്തം വീട്ടിൽ കിട്ടുന്നില്ലെങ്കിൽ സമപ്രായക്കാരുമൊത്തൊരു സദനത്തിൽ കഴിയുന്നതല്ലേ നല്ലതെന്നു മാറിചിന്തിച്ച ഒരു നാടൻ മനുഷ്യൻ. അരക്കിണറിലെ വീടിന്റെ വരാന്തയിലെ ഒരു കാല് മടക്കിവച്ച് മാമുക്കോയ പറയാത്ത ഒരു രാഷ്ട്രീയവും ഇല്ല. മറ്റാർക്കും ഇല്ലാത്തൊരു ഇളവ് മാമുക്കോയയ്ക്ക് കേരള സമൂഹവും നൽകിയിട്ടുണ്ട്. ഒരു നിലപാടിന്റെ പേരിലും കല്ലെറിഞ്ഞിട്ടില്ല. എല്ലാവർക്കും ഇഷ്ടമായിരുന്നു, പൊതുവാൾജിയെപ്പോലെ...

Read More : 'സിനിമ ലോകം എന്നോട് നൂറു ശതമാനം നീതി പുലര്‍ത്തി': അന്ന് മാമുക്കോയ പറഞ്ഞത്