Asianet News MalayalamAsianet News Malayalam

തിയറ്റര്‍ എക്സ്പീരിയന്‍സില്‍ വിസ്‍മയം കാട്ടാന്‍ മണി രത്നം; 'പൊന്നിയിന്‍ സെല്‍വന്‍' ഐമാക്സില്‍

ഐമാക്സില്‍ എത്തുന്ന ആദ്യ തമിഴ് ചിത്രം

ponniyin selvan 1 in imax mani ratnam vikram aishwarya rai madras talkies
Author
Thiruvananthapuram, First Published Aug 16, 2022, 8:36 PM IST

തമിഴ് സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച തിയറ്റര്‍ അനുഭവങ്ങള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് മണി രത്നം. എക്കാലവും മികച്ച ചലച്ചിത്ര വിദ്യാര്‍ഥി കൂടിയായ അദ്ദേഹം പുതിയ സാങ്കേതിക വിദ്യകള്‍ തന്‍റെ ചിത്രത്തിലൂടെ അവതരിപ്പിക്കാനും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ ഏറ്റവും പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനിലൂടെയും അദ്ദേഹം അത്തരത്തില്‍ ഒരു നാഴികക്കല്ല് പിന്നിടാന്‍ ഒരുങ്ങുകയാണ്. എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രത്തിന്‍റെ റിലീസ് തീയതി ഇതിനകം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 30 നാണ് ചിത്രം എത്തുക. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശപ്പെടുത്തുന്ന ഒരു പ്രഖ്യാപനം അണിയറക്കാരില്‍ നിന്നും എത്തിയിരിക്കുകയാണ്. ചിത്രം ഐമാക്സ് ഫോര്‍മാറ്റിലും എത്തും എന്നതാണ് അത്.

നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഐമാക്സ് സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ തമിഴ് ചിത്രമാവും ഇതോടെ പൊന്നിയിന്‍ സെല്‍വന്‍ 1. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്. മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. 

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുക. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക.

ALSO READ : ബ്രഹ്മാണ്ഡം തന്നെ ഈ വിനയന്‍ ചിത്രം; 'പത്തൊമ്പതാം നൂറ്റാണ്ട്' മേക്കിംഗ് വീഡിയോ

Follow Us:
Download App:
  • android
  • ios