പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് രാധേ ശ്യാം. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രാധാ കൃഷ്‍ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറ്റലിയില്‍ ചിത്രീകരണ സംഘത്തിന് ഒപ്പമുണ്ടായിരുന്ന പൂജ  ഹൈദരബാദിലേക്ക് തിരിച്ച് എത്തിയെന്നാണ് പുതിയ വാര്‍ത്ത.

 പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് നിരവധി രംഗങ്ങള്‍ ഇറ്റലിയില്‍ ചിത്രീകരിക്കാനുണ്ടായിരുന്നു. തന്റെ ഭാഗം പൂജ ഹെഗ്‍ഡെ പൂര്‍ത്തിയാക്കി. ഹൈദരാബാദില്‍ വെച്ച് കാണാം പ്രഭാസ് എന്നും തിരിച്ചെത്തിയ പൂജ ഹെഗ്‍ഡെ പറഞ്ഞു. കൊവിഡ് മഹാമാരി കാരണം സിനിമയുടെ ചിത്രീകരണത്തിന് തടസം നേരിട്ടിരുന്നു. ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കാൻ കഴിഞ്ഞതിനാല്‍ വളരെ പെട്ടെന്ന് തന്നെ ചിത്രം പൂര്‍ത്തീകരിക്കാനാണ് രാധാ കൃഷ്‍ണകുമാര്‍ ശ്രമിക്കുന്നത്.

ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. പൂജാ ഹെഗ്‌ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു

പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന  രാധേശ്യാം ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. 2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.