ദില്ലി: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് നായകനായി രാമായണം അടിസ്ഥാനമാക്കി ഇതിഹാസ ചിത്രം വരുന്നു. ആദിപുരുഷന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. രാമ രാവണ യുദ്ധം പാശ്ചത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കഴിഞ്ഞവര്‍ഷം ബോളിവുഡിലെ വന്‍ വിജയമായ താനാജി ഒരുക്കിയ ഓം റൌട്ടാണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുക. ടി-സീരിസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 3ഡിയിലാണ് ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022 ല്‍ തീയറ്ററില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി.

ചിത്രത്തിലെ മറ്റ് താരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാവണന്‍റെ റോളിലേക്ക് ഇന്ത്യയിലെ പ്രമുഖ താരം എത്തുമെന്നാണ് സൂചന.