പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്ന 'സലാറി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്.

'ബാഹുബലി'യിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നടൻ പ്രഭാസിന് പിന്നീട് വൻ ഹിറ്റുകള്‍ സ്വന്തമാക്കാനായിരുന്നില്ല. 'കെജിഎഫ്' ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം 'സലാര്‍' പ്രഭാസിന് നിര്‍ണായകമാണ്. 'സലാര്‍' വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. 'സലാറി'ന്റെ പുതിയ ഒരു അപ്‍ഡേറ്റ് ആ പ്രതീക്ഷകള്‍ സാധൂകരിക്കുന്ന തരത്തിലുള്ളതുമാണ്.

'സലാറി'ല്‍ പ്രധാന ഒരു കഥാപാത്രം അവതരിപ്പിക്കുന്ന ദേവ്‍രാജ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് തന്റ കഥാപാത്രത്തിന് പ്രാധാന്യം ഉള്ളതെന്ന് ദേവ്‍രാജ് പറയുന്നു. പ്രഭാസും രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെഗറ്റീവ് ഷേയ്‍ഡുള്ള കഥാപാത്രമാണ് ഒന്ന് എന്നും ദേവ്‍രാജ് പറയുന്നു. ഗാംഗ്‍സ്റ്റര്‍ ആയ ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'കെജിഎഫി'ല്‍ നെഗറ്റീവ് ഷേയ്‍ഡുള്ള കഥാപാത്രമായി ഹീറോയിസം കാട്ടിയായിരുന്നു യാഷ് വൻ ആരാധക പ്രീതി നേടിയത്. അതുകൊണ്ടുതന്നെ പ്രഭാസും ചിത്രത്തില്‍ തിളങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകരും.

ശ്രുതി ഹാസൻ ചിത്രത്തില്‍ നായികയാകുന്നു. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് 'സലാര്‍' നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

ഇതിഹാസ കാവ്യമായ 'രാമായണ'ത്തെ ആസ്‍പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷിനാ'യും ആരാധകര്‍ കാത്തിരിക്കുകയാണ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യെന്ന കഥാപാത്രമായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. കാര്‍ത്തിക് പളനി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെയ്‍ഫ് അലി ഖാനും സണ്ണി സിംഗും 'ആദിപുരുഷി'ല്‍ വേഷമിടുന്നു.

Read More: 'പൊന്നിയിൻ സെല്‍വനോ'ട് ഏറ്റുമുട്ടാൻ 'യാതിസൈ', ദൃശ്യങ്ങള്‍ പുറത്ത്