ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തരായ താരങ്ങളാണ് പ്രിയ പ്രകാശ്​ വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന് ചിത്രത്തിലൂടെയാണ് പ്രിയയും റോഷനും ചലച്ചിത്ര ലോകത്തേക് ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയ. 

റോഷനുമായി താൻ പ്രണയത്തിലാണെന്ന വാർത്തകൾ നടി നിരസിച്ചു. ആദ്യമായി സിനിമയിൽ അഭിനയിക്കുമ്പോൾ കൂടെ അഭിനയിക്കുന്ന ഒരേപ്രായത്തിലുള്ള സഹതാരവുമായി ഐക്യ​മുണ്ടാകും. അത്​ രണ്ടുപേർക്കും ആശ്വാസകരവും തെറ്റുകൾ ഉൾക്കൊള്ളാൻ സഹായകരവുമാകും. ഈ ഐക്യം അഭിനയം സംബന്ധിച്ച സമ്മർദ്ദങ്ങൾ ഒഴിവാക്കാനും സഹായിക്കും. പ്രചരണങ്ങള്‍ വെറും പ്രചരങ്ങൾ‌ മാത്രമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളുണ്ടാകുകയുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണെന്നും പ്രിയ പറഞ്ഞു. സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ തുറന്ന് പറച്ചിൽ.

ഏപ്രിലിൽ റോഷന്റെ ജന്‍മദിനത്തില്‍ ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും. എനിക്ക് നിന്നെപ്പോലെയാകാന്‍ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകള്‍ക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു'- പ്രിയ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്​.  
  
പ്രശാന്ത് മാമ്പുള്ളി സംവിധാനം ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ലവ് ഹാക്കേഴ്സ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ നായികയാകുന്നു. മായങ്ക് പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലഖനൗ, ദില്ലി, ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ.