നിവിന്‍ പോളി ചിത്രത്തില്‍ അതിഥി താരമായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍

സിനിമയുടെ ഗ്ലാമര്‍ വെളിച്ചത്തിന് പുറത്തുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, യാത്രയും സംഗീതവും വായനയുമൊക്കെ ഇഷ്ടപ്പെടുന്ന താരം. പ്രണവ് മോഹന്‍ലാലിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ പൊതുവിലയിരുത്തല്‍ ഇതൊക്കെയാവും. കരിയറിലെ ഏറ്റവും വലിയ വിജയം ചിത്രം (ഹൃദയം) പുറത്തിറങ്ങി ഒന്നര വര്‍ഷം പിന്നിടുമ്പോഴും പ്രണവിന്‍റേതായി ഒരു പുതിയ പ്രോജക്റ്റ് പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ചില പ്രോജക്റ്റുകളെക്കുറിച്ച് പ്രചരണം ഉണ്ടായെങ്കിലും ഒന്നും ഔദ്യോഗിക പ്രഖ്യാപനത്തോളം എത്തിയില്ല. ഇപ്പോഴിതാ പ്രണവിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് വരാനിരിക്കുന്ന ഒരു പ്രോജക്റ്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരു ചിത്രം കൂടി സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ഹൃദയം പുറത്തിറങ്ങിയത് മുതല്‍ കേള്‍‌ക്കുന്നതാണ്. വിനീത് ശ്രീനിവാസനും ഇത്തരം ഒരു ചിത്രത്തെക്കുറിച്ച് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ പ്രോജക്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ട്രേഡ് അനലിസ്റ്റുകളും ചില ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക കല്യാണി പ്രിയദര്‍ശന്‍ ആണെന്നും മറ്റൊരു പ്രാധാന്യമുള്ള കഥാപാത്രത്തെ ധ്യാന്‍ അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൌതുകമുണര്‍ത്തുന്ന മറ്റൊരു വിവരം കൂടി റിപ്പോര്‍ട്ടുകളില്‍‌ ഉണ്ട്. നിവിന്‍ പോളി ചിത്രത്തില്‍ അതിഥി താരമായി എത്തും എന്നതാണ് അത്. മോഹന്‍ലാലിന്‍റെയും ശ്രീനിവാസന്‍റെയും ചെന്നൈയിലെ മുന്‍കാല ജീവിതത്തില്‍‌ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കഥയാണ് ചിത്രത്തിന്‍റേതെന്നും റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

Scroll to load tweet…

അരുണ്‍ നീലകണ്ഠന്‍ എന്നായിരുന്നു ഹൃദയത്തില്‍ പ്രണവ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തിയത്. ഹിഷാം അബ്ദുള്‍ വഹാബ് ചിട്ടപ്പെടുത്തിയ ഗാനങ്ങളും വലിയ ജനപ്രീതി നേടിയിരുന്നു. ഓഡിയോ കാസറ്റുകളും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു.

ALSO READ : 'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം