മലയാള സിനിമയിലെ യുവതാരം പ്രണവ് മോഹന്‍ലാലിന് തെലുങ്കില്‍ അവസരം ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഒരു തെലുങ്ക് ചിത്രത്തില്‍ പ്രണവിനെ നായകനാക്കാന്‍ കൊരട്ടാല ശിവയുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് വിവരം.

കൊച്ചി: മലയാള സിനിമ രംഗത്തെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് പ്രണവ് മോഹന്‍ലാല്‍. അവസാനമായി പ്രണവിന്‍റെതായി പുറത്തിറങ്ങിയ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു. ചിത്രത്തിലെ മുരളി എന്ന സംഗീത സംവിധായകന്‍റെ വേഷത്തിലായിരുന്നു പ്രണവ് എത്തിയത്. ഹൃദയത്തിന് ശേഷം പ്രണവ് ചെയ്ത രണ്ടാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം.

അതേ സമയം ഈ ചിത്രത്തിന് ശേഷം പ്രണവ് മലയാളത്തില്‍ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം. അതേ സമയം പ്രണവിനായി തെലുങ്കില്‍ ഒരു അവസരം ഒരുങ്ങുന്നു എന്നാണ് വിവരം. ചില ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. 

പ്രണവ് നായകനായി എത്തുന്ന പ്രൊജക്ട് സജീവ ചര്‍ച്ചയിലാണ് എന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യാൻ കൊരട്ടാല ശിവയായിരിക്കും എന്നാണ് സൂചന. ഈ പ്രോജക്ടിനെക്കുറിച്ച് കൊരട്ടാല ശിവ മൈത്രി മൂവി മേക്കേഴ്‌സുമായി ചര്‍ച്ചയിലാണ് എന്നാണ് വിവരം.എന്നാല്‍ പ്രണവുമായി ചര്‍ച്ചകള്‍ നടക്കാനുണ്ട് എന്നാണ് വിവരം. 

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ദേവര എഴുതി സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഈ വരുന്ന സെപ്തംബര്‍ 27നാണ് ചിത്രം റിലീസിന് തയ്യാറാകുന്നത്. ജൂനിയര്‍ എന്‍ടിആറിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്ന ജാന്‍വി കപൂറാണ്. കടലിന്‍റെ പാശ്ചത്തലത്തിലുള്ള റിവഞ്ച് സ്റ്റോറിയാണ് ദേവര. ഇതിന്‍റെ ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.

ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു.