'മലയാളി നടിമാര്‍ ഇങ്ങനെ വസ്ത്രം ധരിക്കുമോ'? പ്രയാഗ മാര്‍ട്ടിന്‍റെ മറുപടി വൈറല്‍
ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രയാഗ

ലിംഗസമത്വത്തെക്കുറിച്ചൊക്കെ എന്തിന് സംസാരിക്കണമെന്നും പുതുകാലത്ത് അതൊക്കെ ഉണ്ടോയെന്നും ചോദിക്കുന്നവരെ ഏതെങ്കിലും ചലച്ചിത്ര നടിമാരുടെ സോഷ്യല്‍ മീഡിയ കമന്‍റ് ബോക്സിലേക്ക് കൂട്ടിക്കൊണ്ടുപോയാല്‍ മതിയാവും. ഒരു നടനാണ് ട്രെന്‍ഡി ഗെറ്റപ്പില്‍ എത്തുന്നതെങ്കില്‍ വന്‍, പൊളി തുടങ്ങിയ കമന്‍റുകളുമായി എത്തുന്നവര്‍ പക്ഷേ നടിമാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലുള്ള മേക്കോവറുമായി എത്തിയാല്‍ തങ്ങളുടെ എതിരഭിപ്രായം അറിയിക്കാറാണ് ചെയ്യുക. അത് മിക്കപ്പോഴും മോശം ഭാഷയിലുമായിരിക്കും. ഫാഷനില്‍ തങ്ങളുടേതായ പരീക്ഷണങ്ങള്‍ നടത്തുന്ന മലയാളം നടിമാരൊക്കെ ഈ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇപ്പോഴിതാ അതിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍.
താന്‍ അഭിനയിക്കുന്ന ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രയാഗ. പതിവുപോലെ തന്‍റേതായ സ്റ്റൈലിലായിരുന്നു അവര്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റുകള്‍ വരുന്നതിനെക്കുറിച്ചുള്ള ഒരു യുട്യൂബ് ചാനല്‍ പ്രവര്‍ത്തകന്‍റെ ചോദ്യത്തിനാണ് പ്രയാഗ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. പ്രയാഗയുടെ സ്റ്റൈലിംഗും ഡ്രെസ്സിംഗുമൊക്കെ കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന തരത്തിലുള്ള കമന്‍റുകള്‍ വരുന്നല്ലോ എന്ന ചോദ്യത്തിന് അതിനിപ്പൊ താനെന്ത് ചെയ്യണം എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. "വേറെ ആളുകളുടെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്, അതോ എന്‍റെ ഇഷ്ടത്തിനാണോ", പ്രയാഗ ചോദിച്ചു. ഒരു മലയാളി നടി എന്നുള്ള നിലയ്ക്ക് ആണ് കമന്‍റ് എന്ന് ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ചു. "ബ്രോ.. മലയാളം നടി എന്നുള്ള നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണമെന്നാണോ പറയുന്നത്?", പ്രയാഗ വീണ്ടും ചോദിച്ചു. അങ്ങനെയാണ് കമന്‍റ്സ് എന്നു പറഞ്ഞയാളോട് അത് കമന്‍റ് ഇട്ടവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ മറുപടി. "നെഗറ്റിവിറ്റി പരത്തുന്നവരോട് ചോദിക്കൂ. ഞാനല്ലല്ലോ ചെയ്യുന്നത്. ഞാന്‍ എങ്ങനെയാണ് അതിന് ഉത്തരം പറയേണ്ടത്?", പ്രയാഗ നിലപാട് വ്യക്തമാക്കി.
വിഷ്‍ണു ഉണ്ണികൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും അതിനെ വളരെ രസകരമായി തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് 'ഡാൻസ് പാർട്ടി' പ്രമേയമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക