Asianet News MalayalamAsianet News Malayalam

പതിനെട്ടാംപടി എങ്ങനെ വേറിട്ടുനില്‍ക്കുന്നു; പൃഥ്വിരാജ് പറയുന്നു

ഒരു റേഡിയോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞത്.

Prithviraj speaks about pathinettampadi film
Author
Kochi, First Published Jul 19, 2019, 1:36 PM IST

ശങ്കര്‍ രാമകൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്‍ത ഫീച്ചര്‍ ഫിലിമാണ് പതിനെട്ടാംപടി. ഒരു കൂട്ടും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഒരു റേഡിയോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞത്.

സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷേ ആ സിനിമയെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. കാരണം ശങ്കര്‍ രാമകൃഷ്‍ണൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെക്കാലം മുന്നേ തന്നെ സിനിമയുടെ പ്ലോട്ടും അതിന്റെ ഒരു സാരവും  പിന്നീട് തിരക്കഥയായി മാറിയപ്പോള്‍ ആഖ്യാനത്തിന്റെ ഘടനയുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അത് വളരെയൊരു രസകരമായ ഒരു സിനിമയായി  എനിക്ക് തോന്നി. ഇപ്പോള്‍ കമിംഗ് ഓഫ് ഏജ് എന്നതുപറയുന്നത് സിനിമയ്‍ക്കുള്ളിലെ ഒരു ഭാഗമായിട്ട് മാറിയിട്ടുണ്ട്. അത് മലയാളത്തില്‍ ഒരുപാട് കണ്ടു പരിചയിച്ചിട്ടുള്ള സിനിമയും അല്ല. പതിനെട്ടാംപടി എനിക്ക് തോന്നുന്നത് അത്തരം ഒരു സിനിമകളില്‍ വളരെ റിയലിസ്റ്റിക്കായിട്ട്, വളരെ യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന ഒന്നായിരിക്കും- പൃഥ്വിരാജ് പറയുന്നു.

പ്രത്യേകിച്ച് എന്നെപ്പോലെ തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ഒരാള്‍ക്ക് ഭയങ്കരമായ നൊസ്റ്റാള്‍ജിയ തോന്നുന്ന കുറെ കാര്യങ്ങള്‍ ആ സിനിമയില്‍ ഉണ്ടാകും. ഞാൻ പഠിച്ചത് ഒരു സിബിഎസ്ഇ  സ്‍കൂളിലാണ്. പക്ഷേ എല്ലാത്തരം സ്‍കൂളുകളിലും പഠിക്കുന്ന കുട്ടികളുള്ള ഒരു സൌഹൃദവലയമാണ് എനിക്ക് സ്‍കൂള്‍ കാലഘട്ടത്തിലുണ്ടായിരുന്നത്. ശങ്കര്‍ രാമകൃഷ്‍ണൻ തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ഒരാളാണ്. ശങ്കര്‍ രാമകൃഷ്‍ണന് തിരുവനന്തപുരത്തെ സ്‍കൂള്‍ ജീവിതവും കോളേജ് ജീവിതവും അറിയാവുന്നതുപോലെ സിനിമയ്‍ക്കുള്ളില്‍ വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമായിരിക്കും അറിയുന്നുണ്ടാകുക- പൃഥ്വിരാജ് പറയുന്നു

മാത്രവുമല്ല ഒരു സംവിധായകൻ എന്ന നിലയില്‍ ഒരു വെല്ലുവിളിയുമാണ്. ഇത്രയും പുതിയ ആള്‍ക്കാരെ വെച്ച് ഇങ്ങനെയൊരു സിനിമയെടുക്കുക അവരെ ഗ്രൂം ചെയ്യുക, ഒടുവില്‍‌ സിനിമയെ കുറിച്ച് നമ്മള്‍ ഏറ്റവും കേള്‍ക്കുന്നത് പുതുമുഖങ്ങളുടെ പ്രകടനത്തെ കുറിച്ചാണ്. അത് സംവിധായകനെന്ന നിലയില്‍ വലിയൊരു നേട്ടമാണ്. ശങ്കര്‍ രാമകൃഷ്‍ണൻ നല്ലൊരു സംവിധായകനാണെന്നത് എനിക്ക് കാലങ്ങള്‍ക്കു മുമ്പേ അറിയാവുന്ന ഒരു കാര്യം. ആള്‍ക്കാര്‍ അത് കണ്ടു ഇഷ്‍ടപ്പെട്ടു എന്നറിയുന്നതില്‍ വലിയ സന്തോഷം- പൃഥ്വിരാജ് പറയുന്നു.

സിനിമയുടെ ഷൂട്ടിംഗ് രണ്ട് ദിവസം മാത്രമേ ഉള്ളൂ. പക്ഷേ വിവരണം എന്റെ ശബ്‍ദത്തിലാണ്. സിനിമയുടെ പ്രധാന കഥാപാത്രങ്ങളുടെ മറ്റൊരു ഘട്ടം കാണിക്കുമ്പോള്‍ മാത്രമാണ് ഞാനടക്കമുള്ളവര്‍ വരുന്നത്- പൃഥ്വിരാജ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios