അല്‍ഫോണ്‍സ് പുത്രൻ ചിത്രം 'ഗോള്‍ഡി'ന്റെ സെൻസറിംഗ് കഴിഞ്ഞു.

അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡി'നായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'പ്രേമ'ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' ഡിസംബര്‍ ഒന്നിനാണ് തിയറ്ററില്‍ റിലീസ് ചെയ്യുക. 'ഗോള്‍ഡ്' ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവച്ചിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന അല്‍ഫോണ്‍സ് പുത്രൻ ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 165 മിനിട്ടാണ് ചിത്രത്തിന്റ ദൈര്‍ഘ്യം. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ഗോള്‍ഡ്' എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമ്പോള്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ്.

Scroll to load tweet…

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

'പാട്ട്' എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാര നായികയാകും എന്നുമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

Read More: അനുപമ പരമേശ്വരൻ ചിത്രത്തിനായി പാടാൻ ചിമ്പു