പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം

'പ്രേമം' (Premam) കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോള്‍ഡ്' (Gold). പൃഥ്വിരാജും (Prithviraj Sukumaran) നയന്‍താരയുമാണ് (Nayanthara) ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം കൂടുതല്‍ വിവരങ്ങളൊന്നും ഈ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.

അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്‍റര്‍ടെയ്‍നര്‍ ആണ് ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു- "നടന്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണ് ഇത്. ഇത്തരമൊരു പ്രോജക്റ്റ് എപ്പോഴും സംഭവിക്കുന്നതുമല്ല. ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നയന്‍താരയെ കൂടാതെ 47 അഭിനേതാക്കള്‍ കൂടിയുണ്ട് ചിത്രത്തില്‍. 'നേര'ത്തിന്‍റെയൊക്കെ ഗണത്തില്‍ പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഗോള്‍ഡ്", പൃഥ്വിരാജ് പറയുന്നു.

View post on Instagram

ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യം ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 8നാണ് ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.