നിരവധി സര്‍പ്രൈസുകളാണ് പൃഥ്വിരാജിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഒരു സിനിമാപ്രേമിക്ക് കണ്ടെത്താനാവുക
മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് നാല്‍പതാം പിറന്നാള്‍. 20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന്‍ ചിത്രത്തിലൂടെ (നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍..) നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി മലയാളത്തില്‍ മാത്രം പൂര്‍ത്തിയാക്കിയത് നൂറിലധികം ചിത്രങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇതര ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങള്‍. അഭിനയ ജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുന്‍പേ താന്‍ എന്നും സ്വപ്‍നം കണ്ട സംവിധായകനാവുക എന്ന ആഗ്രഹവും പൃഥ്വി യാഥാര്‍ഥ്യമാക്കി. അതും മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രം (ലൂസിഫര്‍) ഒരുക്കിക്കൊണ്ട്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നിലവില്‍ ഏറ്റവുമധികം സംഭാവ്യതയുള്ള സിനിമാ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്‍റേതായ ശ്രമങ്ങളിലാണ് അദ്ദേഹം.
നിരവധി സര്‍പ്രൈസുകളാണ് പൃഥ്വിരാജിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഒരു സിനിമാപ്രേമിക്ക് കണ്ടെത്താനാവുക. നടനായി കരിയറില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ആടുജീവിതവും സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ സീക്വല്‍ എമ്പുരാനും പാന്‍ ഇന്ത്യന്‍ ചിത്രം ടൈസണുമൊക്കെ ഈ ലിസ്റ്റില്‍ ഉണ്ട്.
എമ്പുരാന്‍

മലയാള സിനിമയുടെ സമീപകാല ചരിത്രത്തില്‍ ലൂസിഫറിനോളം പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച ചിത്രങ്ങള്‍ കുറവാണ്. ക്യാമറയ്ക്ക് മുന്നില്‍ തങ്ങള്‍ രണ്ട് പതിറ്റാണ്ടായി കാണുന്ന യുവ സൂപ്പര്‍താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം- അതും മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി- എങ്ങനെയുണ്ടാവുമെന്ന കൌതുകം പ്രേക്ഷകരെ സംബന്ധിച്ച് അടക്കാനാവാത്ത ഒന്നായിരുന്നു. പരാജയമായിരുന്നുവെങ്കില്‍ പൃഥ്വിരാജ് ഏറെ പരിഹസിക്കപ്പെടുമായിരുന്ന ആ ശ്രമം പക്ഷേ മലയാളത്തിന്‍റെ ബോക്സ് ഓഫീസില്‍ ചരിത്രമായി. മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം. പൃഥ്വിരാജിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാനോളം പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയ മറ്റൊരു ചിത്രമില്ല. മുരളി ഗോപി ഇതിനകം തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രം അടുത്ത വര്‍ഷം ഉണ്ടാവും.
ആടുജീവിതം

ഒരു അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജ് ഇത്രയധികം അധ്വാനിച്ച ഒരു കഥാപാത്രം ഉണ്ടാവില്ല ആടുജീവിതത്തിലെ നജീബിനെപ്പോലെ. നിരവധി എഡിഷനുകള്‍ വിറ്റഴിച്ച ബെന്യാമിന്‍റെ ഇതേപേരിലുള്ള ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം സംവിധായകന്‍ ബ്ലെസ്സിയുടെയും സ്വപ്‍ന പ്രോജക്റ്റ് ആണ്. പല ഷെഡ്യൂളുകളിലായി മരുഭൂമിയിലടക്കം 160 ദിവസം ചിത്രീകരണം നീണ്ട സിനിമയ്ക്കുവേണ്ട് പൃഥ്വിരാജ് ശരീരഭാരത്തിലടക്കം വലിയ വ്യത്യാസം വരുത്തിയിരുന്നു. മലയാളത്തിന്‍റെ സ്ക്രീനില്‍ നിന്ന് ഒരു അന്തര്‍ദേശീയ കാഴ്ചയായി മാറാന്‍ സാധ്യതയുള്ള ആടുജീവിതമാണ് പൃഥ്വിരാജിന്റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു ചിത്രം.
ടൈസണ്‍

പൃഥ്വിരാജ് ഒരേ സമയം സംവിധായകനും നായകനുമാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ രാജ്യമെങ്ങും സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ഹൊംബാളെ ഫിലിംസ് ആണെന്നതും ഈ പ്രോജക്റ്റിനെക്കുറിച്ച് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ലൂസിഫറിലെ സംവിധാന മികവ് കണ്ടാണ് കന്നഡയിലെ പ്രമുഖ നിര്‍മ്മാണക്കമ്പനി പൃഥ്വിയെ സമീപിച്ചത്. ആക്ഷന്‍ പാക്ക്ഡ് സോഷ്യോ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം 2023ല്‍ ചിത്രീകരണം ആരംഭിച്ച് 2024ല്‍ റിലീസ് ചെയ്യാനാണ് പദ്ധതി.
ഗോള്‍ഡ്

പ്രേമം എന്ന മെഗാ ഹിറ്റിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന വിശേഷണം മാത്രം മതി ഈ ചിത്രത്തിന്‍റെ ഹൈപ്പിന്. നയന്‍താരയാണ് നായിക. ഓണത്തിന് എത്തുമെന്ന് ആദ്യം പറയപ്പെട്ടിരുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
ഹിന്ദി വെബ് സിരീസ്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി വെബ് സിരീസ് സംബന്ധിച്ച പ്രഖ്യാപനം 2021 നവംബറിലാണ് ആദ്യം പുറത്തെത്തിയത്. ബിസ്കറ്റ് കിംഗ് എന്നറിയപ്പെട്ടിരുന്ന മലയാളി വ്യവസായി രാജന്‍ പിള്ളയുടെ ജീവിതത്തെ അധികരിച്ചുള്ളതാണ് ഇത്.
ഏറെക്കാലമായി വാര്‍ത്തകളിലുള്ള ബിഗ് ബജറ്റ് മലയാളചിത്രം കാളിയന്‍, കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന തെലുങ്ക് ചിത്രം സലാര്‍ എന്നിവയും പൃഥ്വിരാജ് ആരാധകര്‍ കാത്തിരിക്കുന്ന പ്രോജക്റ്റുകളാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സലാറില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകന്‍ എന്നതും കോമ്പിനേഷനില്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്ന ഘടകമാണ്.
