Asianet News MalayalamAsianet News Malayalam

'വരദരാജ മന്നാര്‍'; പ്രഭാസിനൊപ്പം ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ പൃഥ്വിരാജ്

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിക്കുന്ന ചിത്രം

prithviraj sukumaran salaar first look poster birthday vardharaja mannaar prashanth neel prabhas
Author
First Published Oct 16, 2022, 10:38 AM IST

കന്നഡ സിനിമാ മേഖലയ്ക്ക് ഇന്ത്യയൊട്ടാകെ സ്വീകാര്യത നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു കെജിഎഫ്. രണ്ട് ഭാഗങ്ങളായി പ്രശാന്ത് നീല്‍ എന്ന യുവ സംവിധായകന്‍ ഒരുക്കിയ ഫ്രാഞ്ചൈസി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന് ലഭിച്ചിരിക്കുന്ന ഹൈപ്പ്. ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് മലയാളി സിനിമാപ്രേമികളിലും കൌതുകമുണര്‍ത്തിയ വസ്തുതയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കെജിഎഫിന്റേതിന് സമാനമായ കളര്‍ ടോണുകളിലാണ് ചിത്രത്തിന്‍റെ ഇതുവരെ പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ എല്ലാം. പൃഥ്വിരാജിന്‍റെ ഫസ്റ്റ് ലുക്കും അതുപോലെ തന്നെ. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ചിത്രം കാണണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

ALSO READ : നാല്‍പതാം പിറന്നാള്‍ നിറവില്‍ പൃഥ്വിരാജ്; വരാനിരിക്കുന്നത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും സര്‍പ്രൈസുകള്‍

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഭുവന്‍ ഗൌഡ ഛായാഗ്രഹണവും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. രവി ബസ്‍രൂര്‍ ആണ് സംഗീത സംവിധാനം.

Follow Us:
Download App:
  • android
  • ios