"ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം"

സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം തന്നെ മെ​ഗാ ഹിറ്റ് ആക്കിയ അപൂര്‍വ്വം ആളുകളിലൊരാളാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍ ആയിരുന്നു ആ ചിത്രം. ലൂസിഫര്‍ വിജയാഘോഷങ്ങള്‍ക്കൊപ്പം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ചിത്രത്തിന്‍റെ തുടര്‍ച്ചയായ എമ്പുരാന്‍. കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് അടുത്ത വര്‍ഷം ആരംഭിക്കാനാണ് അണിയറക്കാരുടെ പദ്ധതി. എമ്പുരാന്‍ എന്ന ചിത്രത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചു. താന്‍ നായകനാവുന്ന പുതിയ ചിത്രം കാപ്പയുടെ പ്രൊമോഷണല്‍ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിയുടെ പ്രതികരണം.

എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്

എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. നിലവില്‍ മൂന്ന് സംഘങ്ങള്‍ ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിം​ഗിന് അനുയോജ്യം ആവുക. ലൊക്കേഷന്‍ ഹണ്ടിം​ഗ് പൂര്‍ത്തിയായതിനു ശേഷം ഞാന്‍ ഒന്നു പോവണം സ്ഥലങ്ങള്‍ കാണാന്‍. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആ​ഗ്രഹം. 

ALSO READ : 'ഭയങ്കര ചലഞ്ചിംഗ് സിനിമ'; ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റിനെക്കുറിച്ച് പൃഥ്വിരാജ്

ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.