വൻ പ്രതീക്ഷയോടെ എത്തിയ എമ്പുരാൻ ബോക്സ് ഓഫീസിൽ മികച്ച കളക്ഷന്‍ നേടിയെങ്കിലും പ്രതീക്ഷിച്ച പ്രേക്ഷകപ്രീതി നേടിയില്ല

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബിഗ് കാന്‍വാസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ സീക്വല്‍ എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പിലുമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രേക്ഷക പ്രതീക്ഷകളുടെ അമിതഭാരവുമായി എത്തിയ ചിത്രത്തിന് അതിനൊത്ത പ്രതികരണം നേടാന്‍ ആയില്ല. അതേസമയം ബോക്സ് ഓഫീസില്‍ വന്‍ കളക്ഷനും നേടി ചിത്രം. ചിത്രം റിലീസിന്‍റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷം ആയിരുന്നു. ഇതിനോടനബന്ധിച്ച് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ഒരു ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയും പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ സിനിമാപ്രേമികളില്‍ കൗതുകകരമായ ഒരു വിമര്‍ശനവും ഉയര്‍ന്നു. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ കോസ്റ്റ്യൂംസിനെ സംബന്ധിച്ച് ആണ് അത്.

Add Asianetnews as a Preferred SourcegooglePreferred

ചിത്രം ഇറങ്ങിയ സമയത്തു തന്നെ വിമര്‍ശനം നേരിട്ട ഒന്നായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച അബ്രാം ഖുറേഷിയുടെ വേഷവിധാനങ്ങള്‍. ലൂസിഫറില്‍ നാടന്‍ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തിയതെങ്കില്‍ ഒരു അന്തര്‍ദേശീയ അധോലോക തലവനായി എത്തിയ എമ്പുരാനിലെ അദ്ദേഹത്തിന്‍റെ കോസ്റ്റ്യൂംസും അത്തരത്തിലാണ് തയ്യാറാക്കപ്പെട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന് ചേരാത്ത തരത്തിലുള്ള വേഷങ്ങളാണ് അദ്ദേഹം ചിത്രത്തില്‍ ധരിച്ചിരിക്കുന്നതെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്റ്റൈലിഷ് ആയി ഒരുക്കപ്പെട്ട പല ഫ്രെയ്മുകളും വേണ്ട ഇംപാക്റ്റ് ഉണ്ടാക്കാതെ പോയതില്‍ ഇതും ഒരു കാരണം ആണെന്നും. മോഹന്‍ലാലിന്‍റെ നായകന്‍ പലപ്പോഴും ധരിച്ച കോട്ട് ആണ് ഏറെ നെഗറ്റീവ് കമന്‍റുകള്‍ നേടിയിരുന്നത്.

എന്നാല്‍ പുറത്തെത്തിയ പുതിയ ബിടിഎസ് വീഡിയോയിലെ ടെസ്റ്റ് ഷൂട്ടില്‍ കോട്ട് ഇടാതെ ടീ ഷര്‍ട്ട് മാത്രം ധരിച്ച മോഹന്‍ലാലിന്‍റെ ദൃശ്യങ്ങളുണ്ട്. ഫിറ്റ് ആയ ശരീരത്തോടെ നില്‍ക്കുന്ന മോഹന്‍ലാലിനെ ഇത്തരത്തിലുള്ള ലളിതമായ കോസ്റ്റ്യൂംസില്‍ അവതരിപ്പിച്ചാല്‍ പോരായിരുന്നോ എന്നാണ് സിനിമാഗ്രൂപ്പുകളിലും മറ്റും വരുന്ന വിവിധ പോസ്റ്റുകള്‍. ആ നീളമുള്ള കോട്ട് ഒഴിവാക്കാമായിരുന്നുവെന്നും രാജുവേട്ടന് (പൃഥ്വിരാജ്) കോസ്റ്റ്യൂം സെന്‍സ് ഇല്ലെന്നുമൊക്കെ കമന്‍റുകള്‍ വരുന്നുണ്ട്. ലൂസിഫര്‍ മൂന്നാം ഭാഗമായ എസ്രായേല്‍ ഉണ്ടാവുമെന്ന് നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് എപ്പോള്‍ നടക്കുമെന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ഇനിയും എത്തിയിട്ടില്ല.

L2E Empuraan Behind The Scenes | Mohanlal | Prithviraj Sukumaran | Murali Gopy | Tovino Thomas