Asianet News MalayalamAsianet News Malayalam

'ആടുജീവിത'ത്തിനുവേണ്ടി വീണ്ടും ഇടവേളയെടുക്കാന്‍ പൃഥ്വിരാജ്; അള്‍ജീരിയന്‍ ഷെഡ്യൂളിന് മുന്‍പ് മേക്കോവര്‍

അള്‍ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതത്തിന്‍റെ അടുത്ത ഷെഡ്യൂളുകള്‍

prithviraj to lose weight again for blessys aadujeevitham
Author
Thiruvananthapuram, First Published Sep 17, 2021, 12:26 PM IST

ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിനുവേണ്ടി ശാരീരികമായ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു പൃഥ്വിരാജ്. 30 കിലോയോളം ശരീരഭാരം കുറച്ചും താടി വളര്‍ത്തിയുമാണ് കഴിഞ്ഞ വര്‍ഷം നടന്ന ജോര്‍ദ്ദാന്‍ ഷെഡ്യൂളില്‍ പൃഥ്വി പങ്കെടുത്തത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കാനുള്ള ആലോചനകളിലാണ് ബ്ലെസ്സിയും സംഘവും. ഇത് പുനരാരംഭിക്കുന്നതിനു മുന്‍പ് പൃഥ്വിരാജിന് വീണ്ടും ശാരീരികമായ മേക്കോവര്‍ നടത്തേണ്ടതുണ്ട്. ഇതിനായി ഡിസംബര്‍ മുതല്‍ സിനിമാസംബന്ധിയായ മറ്റു തിരക്കുകളില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയ പൃഥ്വി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

അള്‍ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതം പൂര്‍ത്തിയാക്കേണ്ടതെന്ന് പൃഥ്വിരാജ് പറയുന്നു- "ആടുജീവിതത്തിനുവേണ്ടി വീണ്ടും ഡിസംബര്‍ മുതല്‍ ഞാന്‍ മുങ്ങും, ഒരു മൂന്ന് മാസത്തെ ഇടവേള എടുക്കും. അതിനുശേഷം അള്‍ജീരിയയില്‍ ചിത്രീകരണം ആരംഭിക്കും. അവിടെ ഒരു 40 ദിവസത്തെ ഷെഡ്യൂള്‍ ആണ് ഉള്ളത്. അതു പൂര്‍ത്തിയാക്കി ജോര്‍ദ്ദാനിലേക്ക് തിരിച്ചെത്തും. ജോര്‍ദ്ദാനിലും ഒരു വലിയ ഷെഡ്യൂള്‍ അവശേഷിക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂള്‍ ചിത്രീകരിക്കാനുണ്ട്", പൃഥ്വിരാജ് പറയുന്നു.

ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാന്‍ ഷെഡ്യൂളിനിടെ പൃഥ്വിരാജും സംഘവും നേരിട്ട പ്രതിസന്ധി വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രീകരണം പുരോഗമിക്കവെ കൊവിഡിനെത്തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയിലേക്കുള്ള അന്തര്‍ദേശീയ വിമാനസര്‍വ്വീസുകളും ആ സമയത്ത് നിര്‍ത്തിയിരുന്നതിനാല്‍ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പകുതിയോടെ ചിത്രീകരണം പുനരാരംഭിച്ച സംഘം മുന്‍നിശ്ചയപ്രകാരം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മടങ്ങിയത്. 

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിന്‍റെ ആടുജീവിതമാണ് അതേ പേരില്‍ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. കെ യു മോഹനന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios