കണ്ണിറുക്ക് പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യര്‍ അന്യഭാഷ സിനിമകളില്‍ സജീവമാകുന്നു. മലയാളത്തിനു ശേഷം പ്രിയ വാര്യര്‍ ഹിന്ദി സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലും പ്രിയ വാര്യര്‍ നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ചന്ദ്രശേഖര്‍ യെലെറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിതിൻ ചിത്രത്തില്‍ നായകനായി എത്തുന്നു. പ്രിയ വാര്യര്‍ക്ക് പുറമെ രാകുല്‍ പ്രീത് സിംഗും നായികയായിട്ടുണ്ട്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്.  അതിനു ശേഷം ലൌവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയായത്. മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.