ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍-നടന്‍ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010ല്‍ പുറത്തെത്തിയ ഖട്ട മീഠയ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കാന്‍ പോകുന്നു. എന്നാല്‍ പുതിയ പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനേതാവായല്ല അക്ഷയ് കുമാര്‍ സഹകരിക്കുന്നത്, മറിച്ച് നിര്‍മ്മാതാവായി ആണ്.

ഒരിടവേളയ്ക്കുശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ഹംഗാമ 2ന്‍റെ ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് പൂര്‍ത്തിയായതിനു ശേഷമാവും പുതിയ സിനിമയുടെ ആലോചനകള്‍ പൂര്‍ത്തിയാക്കുക. നര്‍മ്മത്തിന് പ്രാധാന്യമുള്ള സിനിമയുടെ ഫൈനല്‍ ഡ്രാഫ്റ്റ് അക്ഷയ് കുമാറിന് ഇഷ്ടപ്പെട്ടെന്നും കാസ്റ്റിംഗ് ആണ് ഇനി നടത്താനുള്ളതെന്നും പ്രിയദര്‍ശന്‍ 'മിഡ് ഡെ'യോട് പറഞ്ഞു. അതിനുമുന്‍പ് അക്ഷയ് കുമാറിന് ഇപ്പോള്‍ സ്കോട്ട്ലന്‍ഡില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'ബെല്‍ബോട്ട'ത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കാനാണ് ആലോചിച്ചിരുന്നതെന്നും എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പദ്ധതി മാറ്റേണ്ടിവരുകയായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. അടുത്ത വര്‍ഷം ജൂലൈയിലോ ഓഗസ്റ്റിലോ ചിത്രീകരണം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രിയന്‍ ഇപ്പോള്‍.

അക്ഷയ് കുമാറിന്‍റെ വാതിലുകള്‍ എല്ലാക്കാലത്തും തനിക്കുമുന്നില്‍ തുറന്നിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയുന്ന കഥകള്‍ തന്‍റെ പക്കല്‍ ഉണ്ടോയെന്ന സംശയം മൂലമാണ് പോയ പത്ത് വര്‍ഷം അദ്ദേഹത്തിനൊപ്പം സിനിമകള്‍ സംഭവിക്കാതിരുന്നതെന്നും പ്രിയദര്‍ശന്‍ പറയുന്നു. "അദ്ദേഹം പഴയ ആള്‍ തന്നെയാണ്. മികച്ച സിനിമയകള്‍ക്കായി അന്വേഷണം നടത്തിക്കൊണ്ടേയിരിക്കുന്ന ഒരാള്‍", പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം നാല് പ്രമുഖ സംവിധായകര്‍ ഒന്നിക്കുന്ന ഹിന്ദി ചലച്ചിത്ര സമുച്ചയമായ ഫോര്‍ബിഡന്‍ ലവില്‍ പ്രിയദര്‍ശന്‍ ഒരു ചിത്രം ഒരുക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയ സിനിമയിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പേര് അനാമിക എന്നാണ്. ചിത്രം ഇതിനകം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രദീപ് സര്‍ക്കാര്‍, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജ്രേക്കര്‍ എന്നിവരാണ് ഫോര്‍ബിഡന്‍ ലവില്‍ സഹകരിച്ചിരിക്കുന്ന മറ്റ് മൂന്ന് സംവിധായകര്‍.