അതേസമയം എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ താന്‍ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണെന്നും പ്രിയദര്‍ശന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

മോഹന്‍ലാലിനെ നായകനാക്കി ഒരു സ്പോര്‍ട്‍സ് ഡ്രാമാ ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയെക്കുറിച്ച് പ്രിയദര്‍ശന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' പൂര്‍ത്തിയായതിനു ശേഷം ആരംഭിക്കുമെന്നല്ലാതെ ഈ ചിത്രത്തെക്കുറിച്ച് മറ്റു സൂചനകളൊന്നും അദ്ദേഹം നല്‍കിയിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മോഹന്‍ലാല്‍ ഫാന്‍ ഗ്രൂപ്പുകളിലും മറ്റു സിനിമാഗ്രൂപ്പുകളിലും ഈ അനൗണ്‍സ്‍മെന്‍റ് പലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നവരുണ്ട്. മോഹന്‍ലാലിന്‍റെ ഇന്നത്തെ സോഷ്യല്‍ മീഡിയ പോസ്റ്റും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഫിസിക്കല്‍ ട്രെയിനിംഗിനിടെയുള്ളതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ ഇന്ന് പങ്കുവച്ചത്. പിന്നിലുള്ള ഭിത്തിയില്‍ ഒരു ഫുട്ബോളറുടെ ചിത്രം ആലേഖനം ചെയ്‍തിരിക്കുന്നുവെന്നതാണ് പ്രിയദര്‍ശന്‍റെ പ്രഖ്യാപനം ചര്‍ച്ചയാവാന്‍ കാരണം. ചിത്രത്തിലെ ഫുട്ബോളറുടെ പോസിനു സമാനമാണ് ചിത്രത്തിലെ മോഹന്‍ലാല്‍. വരാനിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ ഇതെന്നും അതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ എപ്പോള്‍ അറിയാനാവുമെന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒപ്പം സമീപകാലത്തായി ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നതിന് മോഹന്‍ലാലിനെ ഒട്ടേറെപ്പേര്‍ അഭിനന്ദിക്കുന്നുമുണ്ട്.

അതേസമയം എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ താന്‍ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണെന്നും പ്രിയദര്‍ശന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ അത് സംഭവിക്കുമെന്നാണ് പ്രിയന്‍ പറഞ്ഞിരിക്കുന്നത്. എം ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ഒരുക്കാനുള്ള ദീര്‍ഘകാല ആഗ്രഹത്തെക്കുറിച്ച് പ്രിയദര്‍ശന്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഈ ചിത്രത്തില്‍ നായകനാവുക ആരെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. അതേസമയം 'ബറോസി'ന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍.