ഏപ്രില്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്ത് ആണ്. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കെ ആര്‍ സുനില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്‍റെ കഥ മോഹന്‍ലാലിനോട് ആദ്യം പറയുന്നത്. എന്നാല്‍ പല സംവിധായകര്‍ മാറി മാറി നോക്കിയെങ്കിലും പ്രോജക്റ്റ് മുന്നോട്ട് നീങ്ങിയില്ല. ഏറ്റവുമൊടുവിലാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലേക്ക് എത്തുന്നത്. തരുണ്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്ത് തിരക്കഥ പുതുക്കിയതോടെ ഇന്ന് പ്രേക്ഷകര്‍ കണ്ട തുടരും സിനിമ ജനിച്ചു. പല സംവിധായകരുമായി ഈ ചിത്രം ചര്‍ച്ച ചെയ്തെന്ന് രജപുത്ര രഞ്ജിത്ത് പറഞ്ഞിരുന്നെങ്കിലും അത് ആരൊക്കെയെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അതില്‍ ചില സംവിധായകര്‍ ആരൊക്കെയെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മണിയന്‍പിള്ള രാജു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ഇക്കാര്യം പറയുന്നത്.
തുടരും സിനിമയുടെ സബ്ജക്റ്റുമായിട്ട് 10 വര്‍ഷമായി നടക്കുകയാണ് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്. ഓരോ തിരുത്തലുകളും കാര്യങ്ങളുമൊക്കെ പറയും. ഏഴ് സംവിധായകര്‍ മാറി. പ്രിയദര്‍ശനും രഞ്ജിത്തും ഗോകുല്‍ ദാസും അടക്കമുള്ളവര്‍. കുറേപ്പേര്‍ വന്നിട്ട് ഇത് അങ്ങോട്ട് ശരിയാവുന്നില്ല. പക്ഷേ രഞ്ജിത്ത് ആ ദൗത്യം ഉപേക്ഷിക്കാതെ നിന്നു. ഒടുവില്‍ തരുണ്‍ മൂര്‍ത്തി വന്നപ്പോള്‍ ആ കോമ്പോ വര്‍ക്ക് ആയി. അങ്ങേരുടെ സജക്ഷന്‍ കൂടി വന്ന് തിരക്കഥ പക്കാ ആയി. അങ്ങനെ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. എന്‍റെ പേര് തരുണ്‍ മൂര്‍ത്തിയോട് സജസ്റ്റ് ചെയ്തത് രഞ്ജിത്ത് ആണ്.
ചിത്രത്തിന്‍റെ തിരക്കഥയിലുള്ള വൈകാരികത നഷ്ടപ്പെടാതെ കഥ കൊണ്ടുപോകുന്ന ഒരു സംവിധായകനെയാണ് തങ്ങള്‍ തേടിയിരുന്നതെന്ന് രജപുത്ര രഞ്ജിത്ത് നേരത്തെ പറഞ്ഞിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക കണ്ടതോടെയാണ് രജപുത്ര രഞ്ജിത്ത് അദ്ദേഹത്തെ സമീപിക്കുന്നത്. ഒരു ചെറിയ കഥാതന്തു വച്ച് വൈകാരികതയില്‍ ഊന്നി സിനിമ ചെയ്തു എന്നതാണ് തരുണില്‍ അദ്ദേഹം കണ്ട പ്രത്യേകത. ആ കണക്കുകൂട്ടല്‍ ശരിയായിരുന്നു താനും. നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.