ധുരന്ധര്‍ 2 പ്രൊപ്പഗണ്ട ചിത്രമാണെന്ന വിമര്‍ശനങ്ങളെ സംവിധായകന്‍ പ്രിയദര്‍ശന്‍ തള്ളിക്കളയുന്നു

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പന്‍ വിജയമായി മാറിയ ധുരന്ധര്‍ 2 പ്രൊപ്പഗണ്ട ചിത്രമാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് പ്രിയദര്‍ശന്‍. പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും സ്വീകരിച്ചെങ്കില്‍ അതിനര്‍ഥം അതൊരു നല്ല സിനിമയാണ് എന്നാണെന്നും ചിത്രത്തില്‍ പ്രൊപ്പഗണ്ട ഇല്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. നെഗറ്റീവ് അഭിപ്രായങ്ങളെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും. സിദ്ധാര്‍ഥ് കണ്ണന്‍ എന്ന യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍റെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധര്‍.

പ്രിയദര്‍ശന്‍ പറയുന്നു

“ധുരന്ധറില്‍ പ്രൊപ്പഗണ്ട എന്ന് പറയുന്ന സംഗതി ഇല്ല. സത്യം ജനങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരിക മാത്രമാണ് ചെയ്തിരിക്കുന്നത്. മുഴുവന്‍ ഇന്ത്യയും അത് സ്വീകരിച്ചിരിക്കുന്നു. കുറച്ച് പേരുടെ അഭിപ്രായങ്ങള്‍ക്ക് പിന്നെ എന്ത് പ്രസക്തി? രാജ്യം ആ ചിത്രം കാണുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനേക്കാള്‍ വലിയൊരു ഹിറ്റ് ഇല്ല. ഈ ചിത്രം കണ്ടവരൊക്കെ വിഡ്ഢികളാണെന്നാണോ നിങ്ങള്‍ കരുതുന്നത്? അത് ആളുകളുടെ അഭിപ്രായങ്ങളാണ്. അത് അവര്‍ പറയട്ടെ. അതിനെ എതിര്‍ക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല. പകരം മറക്കുക. ആദിത്യ അത് നേടിയിരിക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും സിനിമയെ സ്വീകരിച്ചിരിക്കുന്നു. അതിന്‍റെ അര്‍ഥം അതൊരു നല്ല ചിത്രമാണ് എന്നാണ്”, പ്രിയദര്‍ശന്‍റെ വാക്കുകള്‍.

തന്‍റെ ചില തിരക്കഥകള്‍ തന്‍റെ അനുവാദമില്ലാതെ മറ്റുള്ളവര്‍ എടുത്തതിനെക്കുറിച്ച് മുന്‍പ് ആദിത്യ ധര്‍ തന്നോട് സംസാരിച്ചിരുന്ന കാര്യം ഇതേ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നുണ്ട്. “അവന് വലിയ നിരാശയായിരുന്നു ആ സമയത്ത്. എനിക്കൊപ്പം ജോലി ചെയ്യുന്ന സമയത്താണ് അതിനേക്കുറിച്ച് ആദിത്യ പറഞ്ഞത്. നിങ്ങളുടെ മക്കളും ശിഷ്യരുമൊക്കെ ഉയര്‍ന്ന് വരുന്നത് കാണുമ്പോഴുള്ള സന്തോഷം ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലുതാണ്. അതിനാല്‍ ആദിത്യ എന്താണ് നേടിയിരിക്കുന്നതെന്ന് കേള്‍ക്കുന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണ്”, പ്രിയദര്‍ശന്‍ പറയുന്നു.

അതേസമയം ബോളിവുഡില്‍ നിന്നാണ് പ്രിയദര്‍ശന്‍റെ അടുത്ത റിലീസ്. അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രത്തിന് ഭൂത് ബംഗ്ല എന്നാണ് പേരിട്ടിരിക്കുന്നത്. ഫാന്‍റസി ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പരേഷ് റാവല്‍, രാജ്പാല്‍ യാദവ്, തബു, വമിഖ ഗബ്ബി, ജിഷു സെന്‍ഗുപ്ത, മനോജ് ജോഷി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News