മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്

മലയാളികള്‍ക്ക് ഒട്ടേറെ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തി മുതല്‍ 2021 ല്‍ ഇറങ്ങിയ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം വരെ നിരവധി ചിത്രങ്ങള്‍ ഇവരുടേതായുണ്ട്. ഇപ്പോഴിതാ സിനിമാപ്രേമികള്‍ക്ക് കൗതുകം പകരുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ വീണ്ടും ഒരു ചിത്രമൊരുക്കുന്നു എന്നതാണ് അത്. 

മറ്റാരുമല്ല, മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയ്ക്ക് മലൈക്കോട്ടൈ വാലിബന്‍ റിലീസിനോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. എമ്പുരാന് ശേഷം ജോഷി സാറിനൊപ്പം ഒരു ചിത്രം ഞാന്‍ ചെയ്യുന്നുണ്ട്. പിന്നീട് ഒരു സത്യന്‍ അന്തിക്കാട് ചിത്രം വരുന്നുണ്ട്. പ്രിയദര്‍ശനുമൊത്തും ഒരു ചിത്രം വരുന്നുണ്ട്. ജീത്തു ജോസഫ് ചിത്രം റാമും പുറത്തെത്തും, മോഹന്‍ലാല്‍ പറഞ്ഞു.

മരക്കാറിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്താനുണ്ട്. എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായുള്ള ചിത്രമാണ് ഇത്. എംടിയുടെ രചനയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത് 1970 ല്‍ പുറത്തെത്തിയ ഓളവും തീരവും എന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ആന്തോളജിക്കുവേണ്ടി പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രസ്തുത ആന്തോളജിയുടെ റിലീസിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല.

അതേസമയം മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്‍ വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. 

ALSO READ : 'ചിത്രം കണ്ട സ്ത്രീകളുടെ മെസേജുകള്‍ വന്നു'; 'വിവേകാനന്ദന്‍ വൈറലാണ്' സിനിമയെക്കുറിച്ച് മാല പാര്‍വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം