ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്തരത്തില്‍ ഒരു കൂട്ടുകെട്ട് അപൂര്‍വ്വമായിരിക്കും

മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആഘോഷിച്ചിട്ടുള്ള കോമ്പിനേഷനുകളിലൊന്നാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍. കിലുക്കവും ചിത്രവും താളവട്ടവും തുടങ്ങി ചിരിയും ഇമോഷനും ആവോളം എന്‍റര്‍ടെയ്ന്‍മെന്‍റുമുള്ള ചിത്രങ്ങള്‍ മുതല്‍ കാലാപാനി പോലെ വേറിട്ട ശ്രമങ്ങളും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. 2021 ല്‍ പുറത്തിറങ്ങിയ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അതേസമയം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അത് എപ്പോള്‍ സംഭവിക്കുമെന്ന് പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

തന്‍റെ കരിയറിലെ 100-ാം ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് പ്രിയദര്‍ശന്‍ നേരത്തേ പറഞ്ഞിരുന്നു. പ്രിയന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ ബോളിവുഡിലാണ്. അക്ഷയ് കുമാര്‍ നായകനാവുന്ന ഭൂത് ബം​ഗ്ലയും സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹയ്വാനും. അദ്ദേഹത്തിന്‍റെ കരിയറിലെ 97-ാമത്തെ ചിത്രമാണ് ഹയ്വാന്‍. കരിയറിലെ 98-ാമത്തെ ചിത്രവും ബോളിവുഡിലാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. ഇതില്‍ പങ്കജ് ത്രിപാഠി, അന്നു കപൂര്‍, സൗരഭ് ശുക്ല എന്നിവരാണ് അഭിനയിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ആദ്യം

2027 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയായിരിക്കും മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ നൂറാം ചിത്രമെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്. മറ്റൊരു പ്രധാന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ് അത്. ഒരു സംവിധായകന്‍റെ കരിയറിലെ ആദ്യത്തെയും നൂറാമത്തെയും ചിത്രത്തില്‍ ഒരേ നടന്‍ അഭിനയിക്കുക എന്ന പ്രത്യേകതയാണ് അത്. പ്രിയദര്‍ശന്‍റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തിയാണ്. ഇതിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. അതേസമയം സിനിമാജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലുമൊത്തുള്ള നൂറാം ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അതിന്‍റെ പ്രകാശനം. തന്‍റെ ഓര്‍മ്മകളുടെ പുസ്തകത്തിന്‍റെ അവസാന അധ്യായം മോഹന്‍ലാലിനെക്കുറിച്ചായിരിക്കുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. അതേസമയം ആ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming