എസ് എസ് രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിലെ നായിക പ്രിയങ്ക ചോപ്രയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ബാഹുബലി ഫ്രാഞ്ചൈസി കൊണ്ട് ഇന്ത്യന്‍ സിനിമാ വ്യവസായത്തെത്തന്നെ മാറ്റിമറിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി 2 ന് ശേഷം അദ്ദേഹത്തിന്‍റെ സംവിധാനത്തിലെത്തിയ ഒരേയൊരു ചിത്രമായ ആര്‍ആര്‍ആര്‍ ആഗോള പ്രേക്ഷകരുടെ കൈയടികളിലേക്കും മുന്നേറി. ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹം ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ എത്തുന്ന ചിത്രം കൂടിയാണ്. ഗ്ലോബ് ട്രോട്ടര്‍ എന്ന് താല്‍ക്കാലികമായി പേരിട്ടിട്ടുള്ള ചിത്രത്തിലെ നായകന്‍ മഹേഷ് ബാബുവാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് രാജമൗലി.
പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വി അവതരിപ്പിക്കുന്ന കുഭ എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് അണിയറക്കാര്‍ ആദ്യം പുറത്തുവിട്ടത്. ഏഴാം തീയതി ആയിരുന്നു ഇത്. അതിന് ശേഷം ഇന്നാണ് രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ടീം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായ പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന കഥാപാത്രമാണ് പുതിയ പോസ്റ്ററില്‍. മന്ദാകിനി എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിന്‍റെ പേര്. ഇരുണ്ട പശ്ചാത്തലത്തില്‍ മഞ്ഞ നിറത്തിലുള്ള സാരിയും ബ്ലൗസും ധരിച്ച് ഒപ്പം ഒരു ലോഡഡ് ഗണ്‍ കൈകളില്‍ പിടിച്ച് നിറയൊഴിക്കുകയാണ് ഈ പോസ്റ്ററില്‍. ഏറെ ചലനാത്മകതയോടെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
വലിയ ആവേശത്തോടെയാണ് പുതിയ പോസ്റ്ററും സിനിമാപ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്. രാജമൗലിയുടെ എക്സ് അക്കൗണ്ടില്‍ മാത്രം 55,000 ല്‍ അധികം ലൈക്കുകളും 12,000 ല്‍ അധികം ഷെയറുകളും പ്രിയങ്ക ചോപ്രയുടെ പോസ്റ്ററിന് ലഭിച്ചിട്ടുണ്ട്. രാജമൗലിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 1000 കോടിയാണ് നിശ്ചയിച്ചിരിക്കുന്ന ബജറ്റ്. ചിത്രം ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്നാണ് വിവരം. അതിനാല്‍ത്തന്നെ നാം നിത്യജീവിതത്തില്‍ കാണുന്നതരം കഥാപാത്രങ്ങള്‍ ആയിരിക്കില്ല ചിത്രത്തിലേത്. ചിത്രത്തിന്‍റെ ഒരു ഇവെന്‍റ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഈ മാസം 15 ന് സംഘടിപ്പിച്ചിട്ടുണ്ട്. രാജമൗലി ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ലാത്ത ഈ ചിത്രത്തെക്കുറിച്ച് ഈ ഇവെന്‍റില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാവും. ആഗോള മാര്‍ക്കറ്റ് ലക്ഷ്യമാക്കി രാജമൗലി ഒരുക്കുന്ന ഈ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ബോക്സ് ഓഫീസില്‍ അത്ഭുതങ്ങളാവും സംഭവിക്കുക.



