ഇന്ത്യൻ ചലച്ചിത്രലോകത്തെ എക്കാലത്തെയും മികച്ച നടൻമാരില്‍ ഒരാളായ ഇര്‍ഫാൻ ഖാൻ വിടപറഞ്ഞിരിക്കുന്നു. വൻ കുടലിലെ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഞെട്ടലോടെയാണ് ചലച്ചിത്രലോകം ഇര്‍ഫാന്റെ മരണവാര്‍ത്ത കേട്ടത്. ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍ ഇര്‍ഫാന്റെ മരണത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തി. ഇര്‍ഫാന്റെ ഐതിഹാസികമായ അഭിനയം ലോകം എന്നും ഓര്‍ക്കുമെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.

ലോകം താങ്കളുടെ ഐതിഹാസികത എന്നും ഓര്‍ക്കും. ഇര്‍ഫാൻ ഖാൻ ഒരു പോരാളിയായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. ഒട്ടേറെ ചലച്ചിത്രപ്രേമികളാണ് ഇര്‍ഫാൻ ഖാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.  സെവൻ ഖൂണ്‍ മാഫ് എന്ന സിനിമയില്‍ പ്രിയങ്ക ചോപ്രയ്‍ക്കൊപ്പം ഇര്‍ഫാൻ ഖാൻ പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. പാൻ സിംഗ് തൊമാര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഇര്‍ഫാൻ ഖാന് ലഭിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.