'പക്ഷേ ഈ ജീവിതത്തിൽ സിനിമയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിൽ സിനിമ എന്നെ വീണ്ടും നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നു.'
സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന 'അടിനാശം വെള്ളപ്പൊക്കം' ഇന്ന് പ്രദർശനത്തിനെത്തും. അടിനാശം വെള്ളപ്പൊക്കത്തിന്റെ റിലീസിനു മുന്നോടിയായി സംവിധായകൻ ഇന്നലെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സംവിധായകന്റെ കുറിപ്പ്
സിനിമ സ്വപ്‍നം കണ്ടു ജീവിക്കുന്ന നിരവധി മനുഷ്യരിൽ ഒരാളാണ് ഞാനും. ’അടി കപ്യാരെ കൂട്ടമണി’ എന്ന എന്റെ ആദ്യ സിനിമയ്ക്ക് നിങ്ങൾ നൽകിയ വിജയമാണ് എന്നെ ഇന്നും നിലനിർത്തുന്നത്, അതല്ലാതെ എനിക്ക് പറയാൻ മറ്റൊന്നും സ്വന്തമായില്ല. ‘അടി കപ്യാരെ കൂട്ടമണിയുടെ’ വിജയാഘോഷങ്ങളുടെ ഒരു സ്വർണ പടികളിലും ഞാൻ ഇരുന്നിട്ടില്ല. ജീവിതത്തിന്റെ പല പ്രതിസന്ധികളും എന്നെ സിനിമ അവസാനിപ്പിച്ചു പോകാൻ പലതവണ നിർബന്ധിതനാക്കി. പക്ഷേ ഈ ജീവിതത്തിൽ സിനിമയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിൽ സിനിമ എന്നെ വീണ്ടും നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നു.
നാളെ ‘അടിനാശം വെള്ളപ്പൊക്കം’ എന്ന എന്റെ സിനിമ കേരളത്തിൽ 109 തിയേറ്ററുകളിലായി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. സിനിമയിൽ തുടരാൻ എനിക്ക് വലിയ വിജയങ്ങളോ,വലിയ ആഡംബരങ്ങളോ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഞാനായി അംഗീകരിക്കുന്ന,സ്നേഹിക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച സമൂഹത്തിനൊപ്പം ഉള്ള ഈ ചെറിയ ജീവിതം തന്നെ വിലമതിക്കാൻ ആവാത്തതാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. മനോജ് കുമാർ കെ പി എന്ന പ്രൊഡ്യൂസറിന്റെ തണലിൽ നിന്നാണ് ഞാനീ സിനിമ പൂർത്തിയാക്കിയത്.നന്ദി പറഞ്ഞു തീർക്കാൻ കഴിയാത്തത്ര മറ്റു മനുഷ്യരുടെ അധ്വാനവും എനിക്കൊപ്പം ഈ ചിത്രത്തിൽ ഉണ്ട്.സ്വന്തം സിനിമയ്ക്കായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന നിരവധി സംവിധായകർക്ക് സൂര്യ ഭാരതി ക്രിയേഷൻസ് മലയാള സിനിമയിൽ വരും നാളുകളിൽ വേദി ഒരുക്കും.അതിനുള്ള തുടക്കം ആണ് ഈ ചിത്രം. ‘അടിനാശം വെള്ളപ്പൊക്കം’ എന്ന സിനിമ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ സിനിമ നിങ്ങളിൽ വലിയൊരു വിഭാഗം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. വിമർശനങ്ങളെ ഞാൻ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.
ക്യാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.ചിത്രത്തിന്റെ ടീസറിനും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2015 ഡിസംബറിലാണ് അടി കപ്യാരേ കൂട്ടമണി റിലീസിനെത്തിയത്. ഇന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്. 10 വർഷങ്ങൾക്കിപ്പുറം ഡിസംബർ മാസത്തിൽ മറ്റൊരു ഫൺത്രില്ലർ ജോണർ ചിത്രവുമായി സംവിധായകന്‍ എ ജെ വർഗീസ് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടുതലാണ്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, പ്രേം കുമാർ, മഞ്ജു പിള്ള, ജോണ്‍ വിജയ്, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, രാജ് കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ്, ലിസബേത് ടോമി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകർഷകമാകുന്നു.
പ്രൊജക്റ്റ് ഡിസൈനർ - ആർ ജയചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- എസ് ബി മധു, താര അതിയാടത്ത്, ഛായാഗ്രഹണം- സൂരജ് എസ് ആനന്ദ്, എഡിറ്റർ- കാ.കാ, കലാസംവിധാനം- ശ്യാം, വസ്ത്രലങ്കാരം- സൂര്യ ശേഖർ, ഗസ്റ്റ് മ്യൂസിക് ഡയറക്ടർ- സുരേഷ് പീറ്റേഴ്‌സ്, സംഗീത സംവിധാനം- ഇലക്ട്രോണിക് കിളി, രാമ കൃഷ്ണൻ ഹരീഷ്, സൗണ്ട് മിക്സിങ്- ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ബി ജി എം- ശ്രീരാഗ് സുരേഷ്, ഗാനരചന- ടിറ്റോ പി തങ്കച്ചൻ, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്സ്, വിജയാനന്ദ്, ആരോമൽ ആർ വി, മേക്കപ്പ്- അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജെമിൻ ജോം അയ്യനേത്, ആക്ഷൻ- തവാസി രാജ് മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഷഹദ് സി, വി എഫ് എക്സ്- പിക്ടോറിയൽ എഫ് എക്സ്, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാർ, ജിത്തു ഫ്രാൻസിസ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്‌സ്, വിതരണം- ശ്രീപ്രിയ കോംബിൻസ്.
