കസബ വീണ്ടും വരുന്നുവെന്ന ചർച്ചകൾ സജീവമാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് രാജൻ സക്കറിയ. കസബ എന്ന ചിത്രത്തിലേതാണ് ഈ വേഷം. ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തോടൊപ്പം സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉയർത്തിക്കാട്ടി വലിയ തോതിലുള്ള വിമർശനങ്ങളും വിവാദങ്ങളും കസബയ്ക്ക് നേരെ ഉയർന്നിരുന്നു. അടുത്തിടെ ടോക്സിക് എന്ന ഗീതു മോഹൻദാസ് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സും തുടർന്ന് നടന്ന വിമർശനങ്ങളുമാണ് വീണ്ടും കസബയെ ചർച്ചാ വിഷയമാക്കി മാറ്റിയത്. തതവസരത്തിൽ ചിത്രവുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
കസബ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന്, "എനിക്ക് അന്നും ഇന്നും എന്നും തോന്നുന്നത് അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്നതാണ്. അനാവശ്യമായ പഴിചാരലുകളായിരുന്നു. അതിമനോഹരമായൊരു സിനിമയായിരുന്നു കസബ. അന്നത്തെ ആ പഴിചാരലുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ കുറച്ചു കൂടി നല്ല കളക്ഷൻ സിനിമയ്ക്ക് കിട്ടിയേനെ. പത്ത് ഇരുപത്തി അഞ്ച് ലക്ഷം രൂപ എനിക്ക് കൂടുതൽ കിട്ടിയേനെ. പക്ഷേ അത് സാരമില്ല. മലയാള സിനിമ ഉള്ളിടത്തോളം രാജൻ സക്കറിയ വന്ന് കൊണ്ടിരിക്കും. രാജൻ സക്കറിയയെ ഓർത്തു കൊണ്ടിരിക്കും. ചരിത്രത്തിന്റെ ഭാഗമാണ്. ഗുഡ് വിൽ എന്റർടെയ്ൻമെൻസിന്റെ ലോഗോയിൽ പോലും ഇടം പിടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചരിത്രത്തിന്റെ ഭാഗമെന്ന് പറഞ്ഞത്. എനിക്ക് ശേഷം എന്റെ മക്കൾ സിനിമ നിർമിക്കുമ്പോഴും ആ ലോഗോയാണ് ഉപയോഗിക്കുന്നത്", എന്നാണ് ജോബി ജോർജ് പറഞ്ഞത്. ഫിൽമി ബീറ്റിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളാണ് ഉള്ളത്. ഒന്ന് ബിലാൽ. മറ്റൊന്ന് രാജൻ സക്കറിയ. ഈ രണ്ട് ക്യാരക്ടറുകളും എപ്പോൾ വന്നാലും ബ്ലോക് ബസ്റ്ററാണ്. ബിലാലൊക്കെ വമ്പൻ സെറ്റപ്പിൽ വരും. രാജൻ സക്കറിയയുടെ രണ്ടാം വരവ് അതി ഗംഭീരം ആയിരിക്കും', എന്നും ജോബി ജോർജ് കൂട്ടിച്ചേർത്തു.
കുംഭമേളയിലെ 'വെള്ളാരം കണ്ണുള്ള പെണ്ണ്'; മൊണാലിസ ഇനി ബോളിവുഡിലേക്ക്
അതേസമയം, കസബ വീണ്ടും വരുന്നുവെന്ന ചർച്ചകൾ സജീവമാണ്. ടോക്സിക് വിവാദത്തിന് പിന്നാലെ 'അന്നും ഇന്നും എന്നും രാജാവാട രാജൻ സക്കറിയ..ഒരു വരവുകൂടി വരും', എന്നാണ് ജോബി ജോർജ് ഫേസ്ബുക്കില് കുറിച്ചിരുന്നത്. ഇത് രണ്ടാം ഭാഗത്തിനുള്ള മുന്നറിയിപ്പാണെന്നും മറിച്ച് റി റിലീസാണെന്നും പറയുന്നവരുണ്ട്. എന്തായാലും ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
