പത്രിക തള്ളിതയതിനെതിരെ സാന്ദ്രാ തോമസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

പ്രൊഡ്യുസേഴ്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയില്‍ ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെര‍ഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.

സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളു എന്നും പ്രൊഡ്യുസേര്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നലെ സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി,

ഒടുവില്‍, പറഞ്ഞത് പോലെ ഇന്ന് തന്നെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. രണ്ട് കാര്യങ്ങളാണ് എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്ദ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ബൈലോ പ്രകാരം ഓഫീസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്ഥിര അംഗമാവണം, ഒപ്പം മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം. തന്‍റെ പേരില്‍ മൂന്നിലേറെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. താന്‍ മത്സരിക്കാന്‍ യോഗ്യയാണ്. പത്രിക തള്ളിയ നടപടി സ്റ്റേ ചെയ്യണം. വരണാധികാരിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

എന്നാല്‍ ജനാധിപത്യപരമായി ഏത് തെരഞ്ഞെടുപ്പിനും വരണാധികാരിഉണ്ടാകുമെന്നും സാന്ദ്ര തോമസിന് അറിവില്ലായ്മയാണെന്നും വ്യക്തമാക്കുകയാണ് പ്രൊഡ്യുസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍. തെരഞ്ഞെടുപ്പിന് മുന്‍പ് സാന്ദ്രയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക