നിർമ്മാതാവ് ജി സുരേഷ്കുമാറിനെതിരെയുള്ള ആന്റണി പെരുമ്പാവൂരിന്റെ പരാമർശത്തിൽ മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 

കൊച്ചി: സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ ആന്‍ണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന. കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിറക്കി. അതേ സമയം ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തത്തെത്തി. പ്രശ്നങ്ങള്‍ സംഘനയ്ക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

വമ്പന്‍മാര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള പോരാണ് മലയാള സിനിമയില്‍. ഒരു ഭാഗത്ത് ജി.സുരേഷ് കുമാറിനൊപ്പം പരമ്പരാഗത സിനിമാ നിര്‍മാതാക്കളും. മറുവശത്ത് പ്രിഥ്വിരാജടക്കമുള്ള താരങ്ങളുടെ നിര ആന്‍റണി പെരുമ്പാവൂരിനൊപ്പവും. ഫെബ്രുവരി രണ്ടിന് സിനിമ സംഘടനകളായ ഫിയോക്കും കേരളാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷനും ഫെഫ്ക്കയുമടക്കം സംയുക്തമായി യോഗം ചേര്‍ന്നാണ് സമരം തീരുമാനിച്ചത്. അമ്മയ്ക്ക് ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ അവരെ ഒഴിവാക്കി. പ്രസി‍ഡന്‍റായ ആന്‍റോ ജോസഫിന്‍റെ അഭാവത്തില്‍ വൈസ് പ്രസിഡന്‍റ് ജി.സുരേഷ് കുമാര്‍ യോഗ തീരുമാനം മാധ്യമങ്ങളിലൂടെ അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ക്ഷണിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കാത്ത ആന്‍ണി പെരുമ്പാവൂര്‍ ജി.സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്ത നടപടി തെറ്റാണ്.

സംഘടനക്കെതിരെയും വ്യക്തിപരമായും നടത്തുന്ന എത് നീക്കത്തെയും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താക്കുറിപ്പിറക്കി. അതേ സമയം ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തുവന്നു. ബേസില്‍ ജോസഫും അപര്‍ണ ബാലമുരളിയുമടക്കം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. സിനിമയിലെ തര്‍ക്കത്തില്‍ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. എല്ലാം സംഘടനകള്‍ക്കുള്ളില്‍ തന്നെ തീര്‍ക്കണമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.

സിനിമയിലെ തര്‍ക്കത്തില്‍ വിഴുപ്പലക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ് ഫേസ് ബുക്കില്‍ എഴുതി. സമര തീരുമാനവുമായി തന്നെയുള്ള മുന്നോട്ടുപോക്കില്‍ സിനിമക്കുള്ളില്‍ വന്‍ പൊട്ടിത്തെറികള്‍ ഇനിയുമുണ്ടാകുമോ എന്നാണ് വരുംദിവസങ്ങളില്‍ കണ്ടറിയേണ്ടത്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates