Asianet News MalayalamAsianet News Malayalam

അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി; ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് നിർമ്മാതാക്കൾ

അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരു പാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘട അറിയിച്ചു. 

Producers Association says Actor Sreenath Bhasi's ban has not been lifted
Author
First Published Oct 4, 2022, 1:51 PM IST

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘട അറിയിച്ചു. 

ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.  വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്. 

ചട്ടമ്പി സിനിമയുടെ പ്രമോഷനിടെ ആണ് ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്. അഭിമുഖത്തില്‍ ആദ്യം സാധാരണ രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി കുറച്ച് കഴിഞ്ഞ് തന്നോടും ക്യാമറ മാനോടും മോശമായി പെരുമാറിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പിന്നാലെ മരട് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശ്രീനാഥിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടനെ  വിലക്കിയത്. 

സെപ്റ്റംബര്‍ 30ന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേയും ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതി തീരുമാനം. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു  മരട് പൊലീസ് കേസ് എടുത്തത്.

ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി

അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന സംശയത്തിൽ പൊലീസ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. അസഭ്യം പറഞ്ഞ കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകിയാലും ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ തുടർ നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാനാകും. 

Follow Us:
Download App:
  • android
  • ios