എ ടെയ്‌ലർ മർഡർ സ്റ്റോറി' എന്ന ചിത്രത്തിനായി ജാനി ഫയർഫോക്‌സ് പ്രൊഡക്ഷൻ ഹൗസിന്റെ ഒരു സംഘം സീമ ഹൈദറിനെ ഓഡിഷൻ ചെയ്തതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈ: രാജ്യത്തെ ഞെട്ടിച്ച പബ്ജി പ്രണയ നായിക സിനിമയിൽ അഭിനയിക്കുന്നതായി റിപ്പോർട്ട്. പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിൽ എത്തിയ സീമ ഹൈദറാണ് സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുന്നത്. രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരായ കനയ്യലാലിനെ കൊലപ്പെടുത്തിയത് ആസ്പദമാക്കിയുള്ള 'എ ടെയ്‌ലർ മർഡർ സ്റ്റോറി' എന്ന ചിത്രത്തിനായി ജാനി ഫയർഫോക്‌സ് പ്രൊഡക്ഷൻ ഹൗസിന്റെ ഒരു സംഘം സീമ ഹൈദറിനെ ഓഡിഷൻ ചെയ്തതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്രേറ്റർ നോയിഡയിൽ പ്രൊഡക്ഷൻ ഹൗസിന്‍റെ സംഘവും സീമയും തമ്മില്‍ കൂടിക്കാഴ്ച നടന്നു. ഇന്ത്യയിലേക്ക് അനധികൃതമായി വന്ന സീമ ഐഎസ്ഐ ഏജന്‍റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. സിനിമയിൽ റോ ഏജന്‍റായാണ് സീമ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സീമയും പങ്കാളിയായ സച്ചിനും സിനിമയുടെ സംവിധായകരായ ജയന്ത് സിൻഹയെയും ഭരത് സിംഗിനെയും കണ്ടുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീമാ ഹൈദർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാ ഹർജി നൽകി. സുപ്രീം കോടതി അഭിഭാഷകൻ എ പി സിംഗ് സമർപ്പിച്ച ഹർജി രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ സ്വീകരിച്ചു. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി (22) താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും ഹർജിയിൽ സീമാ ഹൈദർ പറയുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെടുന്നു.
രാഷ്ട്രപതി കരുണ കാണിച്ചാൽ ഭർത്താവിനും നാലുകുട്ടികൾക്കുമൊപ്പം ഇന്ത്യയിൽ അന്തസ്സോടെ ജീവിക്കാമെന്നും സീമാ ഹൈദർ ഹർജിയിൽ പറഞ്ഞു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്. 2019ൽ ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. മെയ് 13 ന് നേപ്പാള്‍ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
