കന്നഡയിലെ തന്റെ നായകന്റെ മരണത്തില്‍ വികാരഭരിതമായ കുറിപ്പുമായി ഭാവന. 

കന്നഡ പ്രേക്ഷകരുടെ പ്രിയ താരം പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar passes away) യാത്രയായിരിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യ. പുനീത് രാജ്‍കുമാറിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കന്നഡയിലെ തന്റെ ആദ്യത്തെ നായകൻ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് നടി ഭാവന സാമൂഹ്യ മാധ്യമത്തില്‍ എഴുതുന്നു.

View post on Instagram

ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ജാക്കീ വൻ ഹിറ്റായിരുന്നു. വികാരനിര്‍ഭരമായ കുറിപ്പാണ് ഭാവൻ പുനീത് രാജ്‍കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് എഴുതിയിരിക്കുന്നത്. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി എന്നുമാണ് പുനീത് രാജ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ച് ഭാവന എഴുതിയിരിക്കുന്നത്.

അക്ഷരാര്‍ഥത്തില്‍ ചലച്ചിത്രലോകത്തെ നടുക്കുന്ന വിയോഗമാണെന്നാണ് താരങ്ങള്‍ എല്ലാവരും തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയിരിക്കുന്നത്.

ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനാണ് പുനീത് രാജ്‍കുമാര്‍. രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നതും. കന്നഡയില്‍ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവിയോഗമുണ്ടായിരിക്കുന്നത്. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍.