Asianet News MalayalamAsianet News Malayalam

Mammootty : കസേര ഒഴിവാക്കി നിലത്തിരിക്കുന്ന മമ്മൂട്ടി; 'അമ്മ' ഗ്രൂപ്പ് ഫോട്ടോ ഷൂട്ട് വീഡിയോ

അതേസമയം ഇന്നലത്തെ അമ്മ ജനറല്‍ ബോഡി യോഗത്തിന്‍റെ പല തീരുമാനങ്ങളും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു

mammootty in amma group photo shoot viral video
Author
Thiruvananthapuram, First Published Jun 27, 2022, 9:44 AM IST

മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമായിരുന്നു ഇന്നലെ. പല കാരണങ്ങളാല്‍ യോഗം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ യോഗത്തിനു ശേഷം സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഘടനയിലെ എല്ലാ അംഗങ്ങളും ഒരുമിക്കുന്ന ഏക സന്ദര്‍ഭമാണ് വാര്‍ഷിക ജനറല്‍ ബോഡി. ആ വേദിയില്‍ നിന്നുള്ള ഗ്രൂപ്പ് ഫോട്ടോയും ഓരോ തവണയും ശ്രദ്ധ നേടാറുണ്ട്. ഇത്തവണ ആ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിലെ കൌതുകം സൂപ്പര്‍താരം മമ്മൂട്ടി സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ നിലത്താണ് ഇരിക്കുന്നത് എന്നതാണ്. മറ്റു സൂപ്പര്‍ താരങ്ങളും സംഘടനാ ഭാരവാഹികളുമൊക്കെ പിന്‍നിരയില്‍ കസേരകളിലാണ് ഇരിക്കുന്നത്. സംഘടന തന്നെ പുറത്തുവിട്ട വീഡിയോ ആരാധകരുടെ പ്രീതി നേടുന്നുണ്ട്.

അതേസമയം ഇന്നലത്തെ 'അമ്മ' ജനറല്‍ ബോഡി യോഗത്തിന്‍റെ പല തീരുമാനങ്ങളും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷമ്മി തിലകനെതിരെയുള്ള അച്ചടക്ക നടപടിയാണ് ഇതില്‍ പ്രധാനം. ഷമ്മിയെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്നാണ് ആദ്യം പുറത്തെത്തിയ വിവരമെങ്കിലും വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അത് നിഷേധിച്ചു. സംഘടനയ്ക്കെതിരെ തുടര്‍ച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. 

ALSO READ : കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് സിദ്ദിഖ്, 'അമ്മ' ഒരു ക്ലബ്ബാണെന്ന് ഇടവേള ബാബു

Follow Us:
Download App:
  • android
  • ios