തിരുവിതാംകൂറിന്റെ ചരിത്ര നായകന്‍ ധര്‍മ്മരാജയുടെ കഥപറയാനൊരുങ്ങി ആര്‍ എസ് വിമല്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ വിമല്‍ ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. 

നേരത്തേ വിക്രമിനെ നായകനാക്കി കര്‍ണ്ണന്‍ എന്ന ചിത്രവും വിമല്‍ പ്രഖ്യാപിച്ചിരുന്നു. ധര്‍മ്മ രാജ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍ താരമാണ് പ്രധാനകഥാപാത്രമായെത്തുന്നത് എന്ന് മാത്രമാണ് വിമല്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് വിമല്‍ തന്നെയാണ്. പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ധര്‍മരാജ്യ.

ലണ്ടനിലെ ഐസോലൗ സ്റ്റുഡിയോയും പൂജ സ്റ്റുഡിയോയും സംയുക്ത സഹകരണത്തോടെയാണ് വിര്‍ച്വല്‍ സ്‌ക്രീനുകള്‍ തയ്യാറാക്കുക. സിനിമയുടെ സാങ്കേതിക നിര്‍വഹണം നടത്തുന്നത് പ്രിയ സുഹൃത്ത് കൂടിയായ പ്രജയ് ജെ കമ്മത്താണ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..