മറ്റൊരാൾക്ക് വേണ്ടി സ്വന്തം സന്തോഷം ത്യജിക്കുന്നത് പ്രണയമല്ലെന്നും, നിയന്ത്രണത്തെയും അധികാരത്തെയും മഹത്വവൽക്കരിക്കുന്ന സിനിമകൾ അവസാനിപ്പിക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ സിനിമയിൽ തന്റെ അഭിനയപാടവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് രാധിക ആപ്‌തെ. ഇപ്പോഴിതാ സിനിമയിലുള്ള വയലൻസ് രംഗങ്ങളെയും, ടോക്സിക് റിലേഷൻഷിപ്പുകളെ കുറിച്ചതും സംസാരിക്കുകയാണ് രാധിക ആപ്‌തെ. തന്റെ പുതിയ സിനിമയായ സാലി മൊഹബത്ത് എന്ന സിനിമയെ മുൻനിർത്തിയായിരുന്നു രാധിക ആപ്‌തെയുടെ വിമർശനം. ഭർത്താവ് പറയുന്നതെന്തും അനുസരിക്കുന്നത് സ്നേഹമല്ലെന്നും, അനുസരണ എന്നത് അധികാരവും നിയന്ത്രണവുമാണെന്നും അത് പ്രണയമാണെന്ന് തെറ്റുദ്ധരിക്കരുതെന്നും രാധിക ആപ്‌തെ പറയുന്നു.
"പങ്കാളിയ്ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റുന്നത്. ഇവിടെയത് സംഭവിക്കുന്നത് തുടര്‍ച്ചയായി മോശമായി പെരുമാറുന്നിടത്തു നിന്നുമാണ്. നമ്മുടെ സംസ്‌കാരത്തില്‍ ഈ പ്രവര്‍ത്തികളെല്ലാം സ്‌നേഹ പ്രകടനമായിട്ടാണ് കണക്കാക്കുക. നമ്മള്‍ അതിനെ പ്രണയം എന്ന് വിളിക്കും. പക്ഷെ മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്‌നേഹമല്ല. അതിനെ പ്രണയം എനിക്ക് വിളിക്കാനാകില്ല. ആ ചിന്ത എനിക്ക് അംഗീകരിക്കാനാകില്ല." രാധിക ആപ്‌തെ പറയുന്നു.
"ഭര്‍ത്താവ് ആയാലും ഭര്‍ത്താവിന്റെ കുടുംബം ആയാലും, നിങ്ങളുടെ മാതാപിതാക്കള്‍ ആയാലും, അവര്‍ പറയുന്നതെന്തും കേള്‍ക്കുന്നതും അവര്‍ പറയുന്നതെന്തും ചെയ്യുന്നതും സ്‌നേഹമല്ല. തനിക്ക് വേണ്ടി മറ്റൊരാള്‍ അവരുടെ സന്തോഷത്തെ മാറ്റി വെക്കുമെന്ന് പ്രതീക്ഷിച്ചാല്‍ അത് സ്‌നേഹമല്ല. യഥാർത്ഥ സ്‌നേഹം മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുന്നതിലാണ്. അനുസരണ പ്രണയമല്ല. അത് അധികാരവും നിയന്ത്രണവുമാണ്. അതിനെ പ്രണയം ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തു. ഇത് ഭയാനകമാണ്. എനിക്ക് തോന്നുന്നത് നമ്മള്‍ ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്നതും ഇതുപോലുള്ള കഥകള്‍ പറയുന്നതും അവസാനിപ്പിക്കണമെന്നാണ്. നമ്മള്‍ ഒബ്‌സെഷനേയും നിയന്ത്രണത്തേയും അധികാരത്തേയുമൊക്കെയാണ് പാഷന്‍ ആയി ഗ്ലോറിഫൈ ചെയ്യുന്നത്. അത് വലിയ തെറ്റാണ്." രാധിക ആപ്‌തെ പറയുന്നു.



