'ദൃശ്യം 2'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം 'ആറാട്ട്' വൈകാതെ ചിത്രീകരണം ആരംഭിക്കും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് രാഹുല്‍ രാജ് ആണ്. സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ രാജ് ഇക്കാര്യം നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ 'ആറാട്ടി'ലെ മ്യൂസിക്കിനെക്കുറിച്ച് മറ്റൊരു സൂചന കൂടി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 'heavy percussions' (താളവാദ്യങ്ങള്‍) എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ ചെണ്ടപോലെ വലുപ്പമേറിയ രണ്ട് താളവാദ്യങ്ങള്‍ ഒരേസമയം വായിക്കുന്ന ആളുടേതാണ് ചിത്രം. #AraattLoading എന്ന ഒരു ടാഗും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട് അദ്ദേഹം.

സൂചനകളില്‍ നിന്ന് കാര്യം മനസിലാക്കിയ മോഹന്‍ലാല്‍ ആരാധകരില്‍ നിന്നും വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. അടിച്ചുപൊളി പാട്ട് വേണമെന്നും മാസ് ബിജിഎം വേണമെന്നുമൊക്കെ കമന്‍റുകളുമായി ആരാധകര്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതവും പാട്ടുകളും ഒരുക്കുന്നത് രാഹുല്‍ രാജ് ആണ്. അന്‍വര്‍ റഷീദിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ഛോട്ടാ മുംബൈ'യിലൂടെ മലയാള ചലച്ചിത്ര സംഗീതമേഖലയിലേക്ക് എത്തിയ ആളാണ് രാഹുല്‍ രാജ്. മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിനും പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്.

പേരില്‍ വ്യത്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്. ഈ മാസം 23ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ഒരു ലൊക്കേഷനാണ്.