തങ്ങളുടെ 'രണ്ടാമത്തെ ഹണിമൂൺ' എന്നാണ് മുൻപത്തെ വീഡിയോയിൽ രാഹുൽ ബാലി യാത്രയെ വിശേഷിപ്പിച്ചത്.
ബാലിയിൽ അവധിക്കാലം ആഘോഷിച്ച് ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. ബാലി യാത്രക്കു തയ്യാറെടുക്കുന്നതു മുതലുള്ള കാര്യങ്ങൾ ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങൾ വഴി ആരാധകരോട് പങ്കുവെച്ചിരുന്നു. ''തിളയ്ക്കുന്ന അഗ്നിപർവ്വതത്തിന്റെ മുന്നിൽ നിന്ന് ദേ ഇങ്ങനെ റൊമാൻസ് ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് ? ബട്ട് വി കാൻ'', എന്നാണ് ബാലിയിലെ ലെംപുയാങ്ങ് ക്ഷേത്രത്തിൽ നിന്നും (Lempuyang Temple) ശ്രീവിദ്യയ്ക്കൊപ്പമെടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്‍ത് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തങ്ങളുടെ 'രണ്ടാമത്തെ ഹണിമൂൺ' എന്നാണ് മുൻപത്തെ വീഡിയോയിൽ രാഹുൽ ബാലി യാത്രയെ വിശേഷിപ്പിച്ചത്.
കുറച്ചു നാളായി രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന മിനി വ്ളോഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീവിദ്യയുടെ നാടായ കാസർകോട്ടെ തെയ്യം കഥകളും എറണാകുളത്ത് തിരിച്ചെത്തിയതിനു ശേഷമുള്ള കഥകളുമൊക്കെ രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ബാലി സീരിസ് എത്തിയത്. പതിവു പോലെ പുതിയ ചിത്രങ്ങൾക്കു താഴെയും ഇരുവരുടെയും ആരാധകർ സ്നേഹം അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
എട്ടു വർഷങ്ങൾ നീണ്ട പ്രണയകാലത്തിനു ശേഷമാണ് രാഹുലും ശ്രീവിദ്യയും വിവാഹം ചെയ്‍തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു വിവാഹം. അടുത്തിടെയാണ് ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്. പ്രധാനമായും ടീഷർട്ടുകളാണ് കറ്റൈറിൽ വിൽക്കുന്നത്. ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.
ബിസിനസ് തിരക്കുകൾ കാരണം തങ്ങൾ ഇരുവരും ഇപ്പോൾ അധികം കാണാറില്ലെന്നും ശ്രീവിദ്യ അടുത്തിടെ പറഞ്ഞിരുന്നു.