മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

ഹിന്ദി സിനിമയില്‍ ഈ വര്‍‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അജയ് ദേവ്‍ഗണ്‍ നായകനായ റെയ്ഡ് 2. ആഗോള ബോക്സ് ഓഫീസ് ഗ്രോസില്‍ ഛാവയ്ക്കും ഹൗസ്‍ഫുള്‍ 5 നും പിന്നാലെ മൂന്നാം സ്ഥാനത്താണ് ചിത്രം. 120 കോടി ബജറ്റില്‍ 237 കളക്ഷന്‍ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ നേട്ടത്തിന് പിന്നാലെ ഒടിടി റിലീസിലും തരംഗം തീര്‍ക്കുകയാണ് ചിത്രം. മെയ് 1 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ജൂണ്‍ 26 ന് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിംഗ്.

നെറ്റ്ഫ്ലിക്സിന്‍റെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ റെയ്ഡ് 2. ഒരാഴ്ച കൊണ്ട് ചിത്രത്തിന് ലഭിച്ച കാഴ്ചകള്‍ 56 ലക്ഷമാണ്. ഒന്‍പത് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം 18 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റിലും ഉണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബഹ്‍റൈന്‍, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, യുഎഇ, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് ചിത്രം ഒന്നാം സ്ഥാനത്ത് ഉള്ളത്. കൂടാതെ ഓസ്ട്രേലിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, കെനിയ, നൈജീരിയ, കുവൈറ്റ്, ശ്രീലങ്ക, മലേഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ടോപ്പ് 10 ലിസ്റ്റിലും ചിത്രമുണ്ട്.

രാജ്‍കുമാര്‍ ഗുപ്‍തയുടെ സംവിധാനത്തില്‍ അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. അമയ് പട്നായിക് എന്ന ഐആര്‍എസ് ഉദ്യോഗസ്ഥനായാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ എത്തുന്നത്. ടി സിരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

റിതേഷ് ദേശ്മുഖ്, വാണി കപൂര്‍സ രജത് കപൂര്‍, സൗരഭ് ശുക്ല, സുപ്രിയ പതക്, അമിത് സിയാല്‍, ശ്രുതി പാണ്ഡേ, ബ്രിജേന്ദ്ര കല, യഷ്പാല്‍ ശര്‍മ്മ, ഗോവിന്ദ് നാംദേവ്, ജയന്ത് റാവല്‍, പ്രിതിഷ ശ്രീവാസ്തവ, തരുണ്‍ ഗെഹ്‍ലോട്ട്, നവ്‍നീത് രണഗ്, സഞ്ജീവ് ഘോരി, മാധവേന്ദ്ര ഝാ, ആഷിഷ് ഗോഖലെ, വിക്രം സിംഗ്, വിജയ് രജോറിയ, സുശീല്‍ ധൈയ്യ, അങ്കൂര്‍ ശര്‍മ്മ, വിപിന്‍ കുമാര്‍, റിതിക ഷ്രോത്രി, ഉമേഷ് ശുക്ല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്