സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ അടച്ചത് 1.92 കോടി

തന്‍റെ ഉടമസ്ഥതയിലുള്ള ആഡംബര വസതികള്‍ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുടെ (Shilpa Shetty) പേരിലേക്ക് മാറ്റി വ്യവസായി രാജ് കുന്ദ്ര (Raj Kundra). നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ നിലവില്‍ ജാമ്യത്തിലുള്ള രാജ് കുന്ദ്ര അഞ്ച് ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളാണ് ഭാര്യയുടെ പേരിലേക്ക് മാറ്റിയത്. മുംബൈ ജുഹു ഗാന്ധി ഗ്രാം റോഡിലുള്ള അവരുടെ നിലവിലെ മേല്‍വിലാസമായ കിനാര എന്ന സമുച്ചയത്തിലെ ആദ്യ നിലയിലെ അപ്പാര്‍ട്ട്മെന്‍റുകളാണ് ഇത്. 38.5 കോടിയാണ് ഇവയുടെ മൂല്യം. സാപ്‍കീ ഡോട്ട് കോം പുറത്തുവിട്ട രേഖകള്‍ പ്രകാരമാണിത്.

ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ കൂടാതെ തന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാര്‍ പാര്‍ക്കിംഗ് സ്ഥലവും രാജ് കുന്ദ്ര ശില്‍പ ഷെട്ടിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ച് അപ്പാര്‍ട്ട്മെന്‍റുകളുടെയും കൂടി ആകെ വിസ്‍തീര്‍ണ്ണം 6000 ചതുരശ്രയടി ആണ്. ശില്‍പയുടെ പേരിലേക്ക് മാറ്റാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 1.92 കോടി രൂപയാണ് രാജ് കുന്ദ്ര അടച്ചിരിക്കുന്നത്. ജനുവരി 24ന് ആയിരുന്നു രജിസ്ട്രേഷന്‍. 

രാജ് കുന്ദ്ര, വിയാന്‍ ഇന്‍ഡസ്ട്രീസ് ഐടി ഹെഡ് റ്യാന്‍ തോര്‍പ്പ് അടക്കം 11 പേരെ ജൂലൈ 19നാണ് മുംബൈ പൊലീസിന്‍റെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‍തത്. താന്‍ നിര്‍മ്മിച്ച ഉള്ളടക്കം അശ്ലീലചിത്രമല്ലെന്നും മറിച്ച് 'ഇറോട്ടിക്ക' വിഭാഗത്തില്‍ പെടുന്നതാണെന്നുമായിരുന്നു രാജ് കുന്ദ്ര കോടതിയില്‍ വാദിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ അടക്കം ഇത്തരം ഉള്ളടക്കം ഉണ്ടെന്നും. ഇന്ത്യയിലെ സൈബര്‍ നിയമങ്ങളെ മറികടക്കാന്‍ രാജ് കുന്ദ്രയും സഹോദരനും ചേര്‍ന്ന് യുകെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്‍തെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. 50,000 രൂപ ഈടിന്മേല്‍ 2021 സെപ്റ്റംബര്‍ 21നാണ് മുംബൈ കോടതി രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.