തൈറോയ്ഡിൽ കാൻസറിന്റെ നൊഡ്യൂൾ കണ്ടതുകൊണ്ട് സർജറി നടത്തുക മാത്രമാണ് ചെയ്‍തതെന്നും രാജീവ് റോഷൻ.
ടെലിവിഷൻ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രാജീവ് റോഷന്റേത്. ബിസിനസുകാരനായ റോഷൻ അവിചാരിതമായാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. തന്റ ആരോഗ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ഇതേത്തുടർന്നു വന്ന വ്യാജവാർത്തകളെക്കുറിച്ചും താരം പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തൈറോയ്ഡിൽ കാൻസറിന്റെ നൊഡ്യൂൾ കണ്ടതുകൊണ്ട് സർജറി നടത്തുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിൽ ഓൺലൈൻ ചാനലുകൾ എല്ലാം ചേർന്ന് തന്നെ കൊന്നില്ലെന്നേയുള്ളുവെന്നും താരം പറയുന്നു.
''സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അസുഖം കണ്ടുപിടിച്ചത്. തൈറോയ്ഡിൽ കാൻസറിന്റെ നൊഡ്യൂൾ വന്നു. മൂന്ന് ഹോസ്പിറ്റലിൽ നിന്ന് അഭിപ്രായം എടുത്തിരുന്നു. ഭൂരിഭാഗം പേരും പറഞ്ഞത് തൈറോയ്ഡ് നീക്കം ചെയ്യുക എന്ന ഓപ്ഷനാണ്. പകുതി ഓപ്പറേറ്റ് ചെയ്ത് കളയാനാണ് ഒരു ആശുപത്രിയിൽ നിന്നു പറഞ്ഞത്. പക്ഷേ വീണ്ടും നൊഡ്യൂൾ വന്നാൽ വീണ്ടും ഓപ്പൺ ചെയ്യേണ്ടി വരും. അതിലും നല്ലത് മുഴുവനായി നീക്കം ചെയ്യുന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സർജറിക്ക് വിധേയനായി. അതൊക്കെ പലരും വാർത്തയാക്കിയിരുന്നു. പക്ഷേ, തെറ്റായ കാര്യങ്ങളായിരുന്നു പ്രചരിപ്പിച്ചത്. യൂട്യൂബേഴ്സ് എന്നെ കൊന്നില്ലെന്ന് മാത്രമേയുള്ളൂ.
ഇപ്പോൾ ഇതൊന്നും പേടിക്കേണ്ട കാര്യമില്ല. ഇതിൽ നിന്നെല്ലാം പുറത്തു വരാൻ പറ്റുന്ന തരത്തിലുള്ള ചികിൽസാ സംവിധാനങ്ങൾ കേരളത്തിലടക്കം ഉണ്ട്. എനിക്ക് രോഗം കണ്ടുപിടിക്കുമ്പോൾ ആദ്യത്ത് സ്റ്റേജ് ആയിരുന്നു. ആദ്യം കേട്ട സമയത്ത് തീർച്ചയായും ഒരു ഷോക്ക് ഉണ്ടായിരുന്നു. ഡോക്ടറിന്റെ കോൾ വന്നപ്പോൾ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ മാനസികമായി ബുദ്ധിമുട്ട് തോന്നി. ആ വേദന ഉള്ളിൽ വെച്ചാണ് അഭിനയിച്ചത്. ഒരു റൊമാന്റിക് സീനായിരുന്നു എടുത്തുകൊണ്ടിരുന്നത്. അന്നത്തെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് ഞാൻ സംവിധായകനോടു പോലും പറഞ്ഞത്'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ രാജീവ് റോഷൻ പറഞ്ഞു.
