പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നിൽ കോൺഗ്രസ്-ബിജെപി ഗൂഢാലോചനയുണ്ടെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. പിണറായിയെയും സിപിഎമ്മിനെയും തകർക്കാനുള്ള ഈ നീക്കത്തെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എൻ എൻ കൃഷ്ണദാസും പി ജയരാജനും അടക്കമുള്ള നേതാക്കൾ വ്യക്തമാക്കി.
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെ ഇ ഡി റെയ്ഡ് നീചമെന്നും പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്. കോൺഗ്രസും ബിജെപിയും തമ്മിലാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ്. സിപിഎമ്മിനെ തകർക്കുകയാണ് ലക്ഷ്യം. എന്നാൽ അത് നടക്കാൻ പോകുന്നില്ല. ജനലക്ഷങ്ങൾ അണിനിരന്ന് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ സിപിഎം നേതാവായതുകൊണ്ടാണ് ഈ വേട്ടയാടൽ. പിണറായിയെയും സിപിഎമ്മിനെയും തകർക്കാനാണ് നീക്കമെങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി നേരിടും. സിപിഎമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ പുല്ലാണ് ഞങ്ങൾക്ക് ഈ നീക്കം. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ പലപ്പോഴും എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചിരുന്നു എന്നും കൃഷ്ണദാസ് ഓർമ്മിപ്പിച്ചു.
അതേസമയം, കണ്ണൂരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്ത് എത്തി. കേന്ദ്ര സർക്കാർ തെമ്മാടികളെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ പ്രവർത്തകരെ പിടിച്ചു മാറ്റി.
റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇഡി സംഘ പരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആണ്. സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുകയാണെന്നും നിയമപരമായും രാഷ്ട്രീയമായും എതിർത്തു തോൽപ്പിക്കുമെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
മോദി ഇടതുപക്ഷത്തെ തകർക്കാൻ നടത്തുന്ന നീക്കമാണിതെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. കുറെ കാലമായി ഒരു തിരക്കഥ തയ്യാറാക്കി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ കുടിക്കിയ പോലെ കള്ളക്കേസിൽ കുടുക്കി തകർക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ ബിജെപിക്കും ആർഎസ്എസിനും ഒത്താശ ചെയ്യുന്ന ആൾ ആണ്. വിഡി സവർക്കറും വി ഡി സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ല. റെയ്ഡിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ കെ രാഗേഷ് മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ദില്ലിയിൽ പോയത് ഗൂഢാലോചനയ്ക്ക് വേണ്ടിയാണെന്നും പിണറായി വിജയനെ നേരിടാൻ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട് ആണെന്നും പിണറായി സിപിഎം ഏരിയ സെക്രട്ടറി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
