മുനമ്പം ഭൂമിത്തർക്കത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സമരസമിതി നേതാക്കൾ. വിഷയത്തിൽ ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് സമരസമിതി നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

കൊച്ചി: മുനമ്പം സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തി. മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് സമരസമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു. വി ഡി സതീശൻ്റെ ദേശത്തെ വീട്ടിൽ വെച്ചാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ല. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ച‍ർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലുകൾ അനുകൂലമാകുമെന്ന പ്രതീക്ഷ സമരസമിതി നേതാക്കൾ പങ്കുവെച്ചു.

മുനമ്പത്തെ ഭൂമിത്തർക്കത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മേൽ വലിയ സമ്മർദം ഉണ്ടാകുന്നതിനിടെയാണ് മുനമ്പം സമരസമിതി നേതാക്കളുടെ കൂടിക്കാഴ്ച നടന്നത്. വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി കേന്ദ്ര സർക്കാരിൻ്റെ 'ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനിടെ ആണ് കൂടിക്കാഴ്ച.

പ്രതിപക്ഷ നേതാവായിരിക്കെ, അധികാരത്തിൽ എത്തിയാൽ 10 മിനിറ്റിനകം മുനമ്പം പ്രശ്നം പരിഹരിക്കാമെന്ന വി ഡി സതീശൻ്റെ അവകാശവാദം ഇതുവരെ യാഥാർഥ്യമായിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ, പുതിയ സർക്കാരിന് എട്ടിൻ്റെ പണികൊടുക്കാൻ ലക്ഷ്യമിട്ടാണ് പോയപോക്കിൽ മുൻ സർക്കാരും വഖഫ് ബോർഡും മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രി പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി സംസാരിക്കാൻ തയ്യാറായാൽ തന്നെ വിഷയത്തിന് പരിഹാരമുണ്ടാകുമെന്നുമാണ് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയുടെ നിലപാട്.