ജയം രവിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

തമിഴകത്ത് മുൻനിരയിലുള്ള താരങ്ങളില്‍ ഒരാളാണ് ജയം രവിയും (Jayam Ravi). ജയം രവി നായകനാകുന്ന ചിത്രം രാജേഷ് എം സംവിധാനം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. രാജേഷ് എം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക.

എന്തായിരിക്കും പുതിയ സിനിമയുടെ പ്രമേയമെന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആര്യയുടെ ഹിറ്റ് ചിത്രമായ 'ബോസ് എങ്കിര ഭാസ്‍കരൻ' സംവിധാനം ചെയ്‍തത് രാജേഷ് എം ആണ്. ശിവകാര്‍ത്തികേയൻ നായകനായ ചിത്രം 'മിസ്റ്റര്‍ ലോക്കലും' രാജേഷ് എം സംവിധാനം ചെയ്‍തതില്‍ വൻ ഹിറ്റായിരുന്നു. ജയം രവിക്കൊപ്പമുള്ള ചിത്രവും വൻ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം. ജയം രവി നായകനാകുന്ന ചിത്രമായി 'അഗിലൻ' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എൻ കല്യാണ കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുക. എൻ കല്യാണ കൃഷ്‍ണനാണ് തിരക്കഥയും എഴുതുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സ്‍ക്രീൻ സീൻ എന്റര്‍ടെയ്‍ൻമെന്റ് ആണ് 'അഗിലൻ' നിര്‍മിക്കുന്നത്.'

Read More : ജയം രവി ചിത്രത്തിന് പേരിട്ടു, 'അഗിലൻ' ഫസ്റ്റ് ലുക്ക്

ഭൂമി' എന്ന ചിത്രമാണ് ജയം രവിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ലക്ഷ്‍മണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു ആക്ഷൻ ചിത്രമായിരുന്നു 'ഭൂമി'.മണിരത്‍നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയം രവിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'പൊന്നിയൻ ശെല്‍വൻ' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ് ജയം രവിക്ക്. 'അരുള്‍മൊഴിവര്‍മൻ' എന്ന കഥാപാത്രമായിട്ടാണ് ജയം രവി അഭിനയിക്കുന്നത്. കാര്‍ത്തി, വിക്രം, സാറാ അര്‍ജുൻ, ഐശ്വര്യ റായ്, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്‍മി, വിക്രം പ്രഭു, ശരത്‍കുമാര്‍, പാര്‍ഥിപൻ. റഹ്‍മാൻ, പ്രഭു, ലാല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

തമിഴിലെ പ്രമുഖ എഡിറ്ററായ മോഹന്റെ മകനാണ് ജയം രവി. ബാലതാരമായി തെലുങ്ക് ചിത്രത്തിലൂടെയാണ് ജയം രവി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 'എം കുമരൻ സണ്‍ ഓഫ് മഹാലക്ഷ്‍മി', 'ഉനക്കും എനക്കും', 'സന്തോഷ് സുബ്രഹ്‍മണ്യം', 'തില്ലങ്ങാടി', 'തനി ഒരുവൻ' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജയം രവി നായകനെന്ന നിലയില്‍ തമിഴ് സിനിമയില്‍ സ്ഥാനമുറപ്പിച്ചത്. തമിഴകത്തെ ഹിറ്റ് ചിത്രങ്ങളായ ഇവ സംവിധാനം ചെയ്‍തത് ജയം രവിയുടെ സഹോദരനായ മോഹൻ രാജയാണ്.

'ഗോഡ്‍ഫാദര്‍' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ മോഹൻ രാജ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത 'ലൂസിഫറാ'ണ് തെലുങ്കില്‍ 'ഗോഡ്‍‍ഫാദര്‍' ആയി എത്തുന്നത്. ചിരഞ്‍ജീവിയാണ് മോഹൻലാലിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. നയൻതാര ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'തനി ഒരുവൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യുമെന്ന് മോഹൻ രാജ മുമ്പ് അറിയിച്ചുവെങ്കിലും പിന്നീട് അതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.