2022ൽ ആണ് രാജേഷ് മാധവൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് അറിയിച്ചത്.
സമീപകാലത്ത് മലയാള സിനിമയിൽ പൊട്ടിച്ചിരി നിറയ്ക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് രാജേഷ് മാധവൻ. കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തിങ്കളാഴ്ച നിശ്ചയം, തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. കണ്ണുകൾ കൊണ്ട് പൊട്ടിച്ചിരി സമ്മാനിക്കുന്ന രാജേഷ് മാധവൻ സംവിധായകൻ ആകാൻ പോകുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. 'പെണ്ണും പൊറാട്ടും' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് രാജേഷ്.
'പെണ്ണും പൊറാട്ടും - വിശദീകരണ യോഗം', എന്ന ക്യാപ്ഷനോടെ ആണ് രാജേഷ് മാധവൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റാണി പത്മിനി, ഭീഷ്മപർവ്വം തുടങ്ങിയ ചിത്രങ്ങളുടെ സഹതിരക്കഥാകൃത്തായ രവി ശങ്കർ ഉൾപ്പടെ ഉള്ളവരെ വീഡിയോയിൽ കാണാം. രാജേഷ് പറയുന്ന കാര്യങ്ങൾ കേട്ട് ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. പിന്നാലെ നിരവധി പേരാണ് രാജേഷിനും കൂട്ടർക്കും ആശംസകളുമായി രംഗത്തെത്തിയത്.
2022ൽ ആണ് രാജേഷ് മാധവൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് അറിയിച്ചത്. 2022 നവംബറിൽ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന് അറിയിച്ചു കൊണ്ട് ടൈറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. എസ് ടി കെ ഫ്രെയ്ംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. കോമഡി ഡ്രാമ എന്‍റർടെയിനറാകും പെണ്ണും പൊറാട്ടും എന്ന് രാജേഷ് മാധവൻ തന്നെ മുൻപ് പറഞ്ഞിരുന്നു.
തലൈവർ എൻട്രാൽ സുമ്മാവാ..; കൊമ്പുകോർക്കാൻ രജനിയും വിനായകനും, 'ജയിലർ' ഷോക്കേസ് എത്തി
'അസ്‍തമയം വരെ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയായ രാജേഷ് മാധവൻ വെള്ളിത്തിരയില്‍ എത്തിയത്. മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനേതാവായി. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും അദ്ദേഹം ആയിരുന്നു. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേശൻ' എന്ന കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ചതോടെ ആരാധകരുടെ പ്രിയ താരങ്ങളിലൊരാലായി രാജേഷ് മാറുകയും ചെയ്തു.
