Asianet News MalayalamAsianet News Malayalam

സയനൈഡ് മോഹന്റെ കഥ സിനിമയാകുന്നു; താരങ്ങളായി സിദ്ദിഖും പ്രിയാമണിയും

വിവിധ ഭാഷകളിൽ നിന്നുമായി പ്രശസ്തരായ താരങ്ങളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. 

rajesh touchriver announce making film on cyanide mohan
Author
Kochi, First Published Nov 12, 2020, 10:30 PM IST

ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാര ജേതാവ് രാജേഷ് ടച്ച്റിവര്‍, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'സയനെെഡ് ' എന്ന ബഹുഭാഷാ ചിത്രത്തില്‍ സിദ്ധിഖ് വളരെ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയുടെ യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുളളതാണ് ചിത്രം. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹൻ.  പ്രിയാമണിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്.

മിഡിലീസ്റ്റ് സിനിമ, പ്രൈംഷോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജൻ റെഡ്ഡി എന്നിവര്‍ ചേർന്നാണ് ബഹുഭാഷാ ചിത്രമായ 'സയനെെഡ്' നിര്‍മ്മിക്കുന്നത്. ഇരുന്നൂറ്റിയൻപതിലേറെ ചിത്രങ്ങൾ പൂർത്തിയാക്കി, രണ്ടു പ്രാവശ്യം മികച്ച സ്വഭാവ നടനുള്ള കർണാടക സംസ്ഥാന അവാർഡും ഫിലിംഫെയർ അവാർഡും നേടിയ പ്രശസ്ത കന്നട താരം രംഗായനരഘുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

സംസ്ഥാന അവാര്‍ഡ് ജേതാവ് മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, രാംഗോപാൽ ബജാജ്, ഷിജു, ശ്രീമാൻ, സമീർ, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗജനി, പാ, സ്പെഷ്യൽ 26, ലക്ഷ്യ, ഉറുമി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാര്‍ഡ് ജേതാവ്  സുനിൽ ബാബു ഈ ചിത്രത്തില്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്നു.

വിവിധ ഭാഷകളിൽ നിന്നുമായി പ്രശസ്തരായ താരങ്ങളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. അന്താരാഷ്ട്ര പുരസ്കാര ജേതാവായ ബോളിവുഡ് സംഗീത സംവിധായകൻ ജോർജ് ജോസഫിനൊപ്പം ദേശീയ പുരസ്കാര ജേതാവായ സൗണ്ട് ഡിസൈനർ അജിത് അബ്രഹാം, കേരള സംസ്ഥാന അവാർഡ് നേടിയ പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എൻ ജി റോഷൻ, വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി പുരസ്കാരങ്ങള്‍ നേടിയ എഡിറ്റർ ശശികുമാർ എന്നിവർ സയനൈഡിനായി ഒത്തുചേരുന്നു. 

ഡോക്ടര്‍ ഗോപാൽ ശങ്കറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ തെലുങ്കില്‍ പുന്നം രവിയും, തമിഴില്‍ രാജാചന്ദ്രശേഖറും, മലയാളത്തില്‍  രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്നാണ് എഴുതുന്നത്. 
രാഷ്ട്രപതിയുടെ പത്മശ്രീ പുരസ്കാരം നേടിയ ഡോക്ടര്‍ സുനിതാ കൃഷ്ണൻ കണ്ടന്റ് അഡ്വൈസറായി ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ. 

Follow Us:
Download App:
  • android
  • ios