പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെട്ട ചിത്രം 

മലയാളത്തില്‍ ഈ വര്‍ഷത്തെ എന്നല്ല, എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് കണ്ണൂര്‍ സ്ക്വാഡ്. തിയറ്ററുകളില്‍ 50 ദിവസം പിന്നിട്ട ചിത്രത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ അര്‍ധരാത്രിയില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ഒരു വിജയചിത്രത്തിന് 50 ദിവസത്തെ എക്സ്ക്ലൂസീവ് തിയറ്റര്‍ റണ്‍ ലഭിച്ചതിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 50 ദിവസം കൊണ്ട് ചിത്രം നേടിയ ആ​ഗോള ​ഗ്രോസ് 82 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിടിയില്‍ എത്തിയതിനു ശേഷം ഇതരഭാഷാ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ചിത്രത്തിന്‍റെ കഥയ്ക്കും അവതരണത്തിനും ആക്ഷന്‍ സീക്വന്‍സുകള്‍ക്കും സര്‍വ്വോപരി മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനും ഭാഷാഭേദമന്യെ കൈയടികള്‍ ലഭിക്കുന്നുണ്ട്. തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്നാണ് ചിത്രത്തിന് കൂടുതല്‍ പ്രതികരണങ്ങള്‍ വരുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി മൊഴിമാറ്റ പതിപ്പുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കാണാനാവും. കൈയടികളില്‍ രണ്ട് ഇതരഭാഷാ നായകന്മാരുടെ ആരാധകരില്‍ നിന്നുമുള്ള സന്തോഷ പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. രജനികാന്ത്, അജിത്ത് കുമാര്‍ ആരാധകരാണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ ചില സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

Scroll to load tweet…

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ റെഫറന്‍സുകള്‍ വന്നുപോകുന്ന രം​ഗങ്ങളാണ് അവ. മമ്മൂട്ടിയും സംഘവും അന്വേഷണത്തിന്‍റെ ഭാ​ഗമായി എത്തുന്ന ഒരു ഔട്ട്ഡോര്‍ സീക്വന്‍സില്‍ പുറത്തെ ഭിത്തിയില്‍ രജനികാന്തിനെ പെയിന്‍റ് ചെയ്തിരിക്കുന്നത് കാണാം. മറ്റൊരു ആക്ഷന്‍ സീനില്‍ അജിത്ത് കുമാര്‍ ചിത്രം വിവേകത്തിന്‍റെ പോസ്റ്ററും കാണാം. ഈ രണ്ട് രം​ഗങ്ങളുടെയും ചിത്രങ്ങള്‍ രജനി, അജിത്ത് ആരാധകര്‍ എക്സില്‍ കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്.

Scroll to load tweet…

പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെട്ട ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആയിരുന്നു. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന. പൊലീസില്‍ ഉണ്ടായിരുന്ന യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. ഏറെ പൊലീസ് വേഷങ്ങള്‍ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ അതില്‍ നിന്നെല്ലാം വേറിട്ട പ്രകടനമായിരുന്നു കണ്ണൂര്‍ സ്ക്വാഡില്‍. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ജോര്‍ജും സംഘവും ഒരു പ്രതിയെ പിടിക്കാന്‍ ഉത്തരേന്ത്യയിലേക്ക് നടത്തുന്ന സഞ്ചാരവും അവിടെ അവരെ കാത്തിരിക്കുന്ന അപ്രതീക്ഷിതത്വങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട് നിര്‍ണയിക്കുന്നത്. 

ALSO READ : തിയറ്ററുകളിലെ 'സ്ലീപ്പര്‍ഹിറ്റ്'; ആ ഹിന്ദി ചിത്രം തമിഴില്‍ എത്തിക്കാന്‍ സൂര്യ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക