രണ്ട് ദിവസം മുൻപ് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിനും വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്നത്.
രജനികാന്ത് ചിത്രം ജയിലറിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജയിലർ നാളെ മുതൽ തിയറ്ററുകളിൽ എത്തും. ഇതിനോടകം രജനി ആരാധകർ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് വാനോളം പ്രതീക്ഷയാണ്.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജയിലറിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും പാട്ടുകളും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തിന്റെ പക്കാ മാസ് ആക്ഷൻ ത്രില്ലർ ആകും ചിത്രമെന്നാണ് ഇവയിൽ നിന്നും ലഭിച്ച സൂചന. അണ്ണാത്തെയ്ക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രം കൂടിയാണ് ഇത്. അതായത് രണ്ട് വർഷങ്ങൾക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രം. അതുകൊണ്ട് തന്നെ ചിത്രത്തിനായി വലിയ പ്രതീക്ഷയാണ് ആരാധകരും സിനിമാസ്വാദകരും വച്ചു പുലർത്തുന്നത്.
രണ്ട് ദിവസം മുൻപ് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിനും വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്നത്. ഇന്നലെ വരെ 612,000 ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്നാണ് വിവരം. ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം മുൻകൂർ ബുക്കിംഗിൽ മാത്രം ഇന്ത്യയൊട്ടാകെ 12.83 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.
ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മികച്ച സ്‌ക്രീൻ കൗണ്ട് ആണ് ലഭിച്ചിരിക്കുകയാണ്. കേരളത്തിൽ 300-ലധികം സ്‌ക്രീനുകളിൽ ജയിലർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കർണാടകയിലുട നീളമുള്ള സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ലക്‌സുകളിലുമായി ഒന്നിലധികം ഭാഷകളിലായി ഏകദേശം 300 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതി എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ എല്ലാ തിയേറ്ററുകളിലും ജയിലർ പ്രദർശിപ്പിക്കും.
കേരളത്തിൽ രാവിലെ 6 മണിക്ക് ഷോ തുടങ്ങും. എന്നാൽ തമിഴ്നാട്ടിൽ ഇത് 9 മണിക്കാകും എന്നാണ് റിപ്പോർട്ടുകൾ. തുനിവും വാരിസും റിലീസ് വേളയിൽ ഒരു ആരാധകർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിൽ അതിരാവിലെ ഷോകൾ റദ്ദാക്കിയിരുന്നു. കേരളത്തിൽ ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകളെല്ലാം ഇതിനോടകം ഹൗസ് ഫുൾ ആയെന്നാണ് വിവരം.
അതേസമയം, അമേരിക്കയിൽ ജയിലറിന്‍റെ ബുക്കിങ്ങിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 750കെ ഡോളർ നേടി 2023ലെ ഒന്നാം നമ്പർ ഇന്ത്യൻ ചിത്രമായി ജയിലർ റെക്കോർഡ് ഇട്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്.
'മദ്യം കിട്ടിയില്ലേൽ ഇങ്ങനെയും ഉണ്ടോ പൊല്ലാപ്പ്'; പ്രദർശനം തുടർന്ന് 'കൊറോണ ധവാൻ'- സ്നീക് പീക്
രജനികാന്തിന്റെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രവും ഇതാണ്. കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രമ്യ കൃഷ്ണനും വിനായകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം 225 കോടി രൂപ ബജറ്റിലാണ് ജയിലർ ഒരുങ്ങിയിരിക്കുന്നത്.

