ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്. ആരാധകരുടെ അഭ്യർത്ഥനകൾ പരിഗണിക്കുന്നുവെന്നും തീരുമാനത്തിനായി കാത്തിരിക്കണമെന്നും രജനീകാന്ത് ആരാധകകൂട്ടായ്മയുടെ യോഗത്തിന് ശേഷം പ്രതികരിച്ചു. എന്ത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്ന് ആരാധകർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പസമയം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രജനീകാന്തിന്റെ നിലപാട് ശുഭസൂചനയെന്നാണ് ആരാധകരുടെ പ്രതികരണം. രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന് ആരാധക കൂട്ടായ്‍മ  ഭാരവാഹികള്‍ യോഗത്തിൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതാവശ്യപ്പെട്ട് യോഗഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകൾ പതിക്കുകും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രവേശന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിച്ചെന്നും ആരാധക കൂട്ടായ്മ വ്യക്തമാക്കി. 

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നേരത്തെ പ്രഖ്യാപിച്ച നിലപാട് മാറ്റണമെന്നാണ് ആരാധക കൂട്ടായ്മ ആവശ്യപ്പെടുന്നത്. അതിനിടെ ഒപ്പം കൂട്ടാൻ ബിജെപിയും സഖ്യസാധ്യതകളാരാഞ്ഞ് കമൽഹാസനും രജനീകാന്തിനെ സമീപിച്ചിരുന്നു.