ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡേറ്റ് നൽകരുതെന്ന് പറഞ്ഞ് തന്നെ നിരവധി പേർ വിളിച്ചുവെന്ന് രജനികാന്ത് പറയുന്നു.
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. വൻ ഹൈപ്പോടെ എത്തിയ ബീസ്റ്റിന് പക്ഷേ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നാലെ വന്ന നെൽസന്റെ ജയിലറിൽ രജനികാന്ത് അഭിനയിക്കരുതെന്ന ആവശ്യവുമായി നേരത്തെ പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് രജനികാന്ത്.
ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡേറ്റ് നൽകരുതെന്ന് പറഞ്ഞ് തന്നെ നിരവധി പേർ വിളിച്ചുവെന്ന് രജനികാന്ത് പറയുന്നു. സിനിമയ്ക്കായി തെരഞ്ഞെടുക്കുന്ന വിഷയമാണ് പരാജയപ്പെടുന്നതെന്നും സംവിധായകൻ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നും മറ്റുള്ളവർ പറഞ്ഞതൊന്നും തന്നെ താൻ കാര്യമായി എടുത്തില്ലെന്നും രജനികാന്ത് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിൽ ആയിരുന്നു നടന്റെ പ്രതികരണം.
"ജയിലറിന് വേണ്ടി ഞങ്ങളൊരു പ്രൊമൊ ഷൂട്ട് ചെയ്ത് റിലീസ് ചെയ്തിരുന്നു. ശേഷമാണ് ബീസ്റ്റ് റിലീസ് ചെയ്തത്. പക്ഷേ വേണ്ടത്ര രീതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചിത്രത്തിനായില്ല. വിതരണക്കാർ ഉൾപ്പടെ ഉള്ളവർ നെൽസണെ സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടേയിരുന്നു. ഇതാവർത്തിച്ചപ്പോൾ സൺ പിക്ചേഴ്സുമായി ഞാൻ ചർച്ച നടത്തി. ബീസ്റ്റിന് മോശം പ്രതികരണമാണ് എന്നത് ശരിയാണ്. പക്ഷേ ബോക്സ് ഓഫീസിൽ നല്ല പ്രകടനം ചിത്രം കാഴ്ച വച്ചെന്നാണ് അവർ പറഞ്ഞത്. ബീസ്റ്റിന്റെ പ്രൊഡക്ഷൻ വേളയിൽ ആണ് ജയിലർ സിനിമയുടെ ഐഡിയ നെൽസൺ പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടു. ഐഡിയ ഡെലവപ്പ് ചെയ്ത സ്ക്രിപ്റ്റുമായി വരാനും പറഞ്ഞു. ശേഷം ബീസ്റ്റിന്റെ ഷൂട്ട് കഴിഞ്ഞ് നെൽസൺ എന്റെ അടുത്ത് കഥ വന്നുപറഞ്ഞു. ഫെന്റാസിസ്റ്റിക് എന്നാണ് കഥ കേട്ട് ഞാൻ പറഞ്ഞത്"- എന്നാണ് രജനികാന്ത് പറഞ്ഞത്.
സുമിത്രയും വേദികയും ഒന്നിക്കുമോ ? സിദ്ധാര്‍ത്ഥിന് തിരിച്ചടിയോ ?- 'കുടുംബവിളക്ക്' റിവ്യു
രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ജയിലറിന്റെ സെസറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ചിത്രത്തില്‍ 11 മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് വിവരം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ജയിലര്‍ നിര്‍മിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസിനാണ്.
